തേഞ്ഞിപ്പലം: വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര പെരുമുഖത്ത് എന്‍.പി. പ്രണവ് (20), പെരുമുഖത്തെ ഷഹദ് ഷമീം (21) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. വ്യാപാരിയായ അബ്ദുള്‍ ലത്തീഫ് എന്നാളെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞവെള്ളിയാഴ്ചയാണ് സംഭവം.
സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാക്കഞ്ചേരിയില്‍നിന്ന് കാറില്‍ കയറ്റി. തുടര്‍ന്ന് വാഴയൂര്‍ മലയുടെ മുകളില്‍ വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. കത്തി, ചുറ്റിക എന്നിവകൊണ്ട് അപായപ്പെടുത്തുമെന്ന് പറഞ്ഞ പ്രതികള്‍ വ്യാപാരിയെക്കൊണ്ട് അവര്‍ പറഞ്ഞുകൊടുത്ത നമ്പറിലേക്ക് ബലമായി പതിനായിരം രൂപ അയപ്പിച്ചു.
അഞ്ചുലക്ഷം രൂപ തന്നാല്‍ മാത്രമേ വണ്ടി വിട്ടുതരൂവെന്നു പറഞ്ഞ് മര്‍ദിച്ച് അവശനാക്കിയശേഷം രാത്രി പന്ത്രണ്ടുമണിയോടെ രാമനാട്ടുകര ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് കാറുമായി പോയി. വ്യാപാരി നല്‍കിയ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷ്റഫിന്റെ നിര്‍ദേശപ്രകാരം, തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ. സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രണവ്, ഷഹദ് ഷമീം എന്നിവരെ കോടതി മുന്പാകെ ഹാജരാക്കി. മൂന്നാമത്തെ പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ഇയാളെ ജുവനൈല്‍ ബോര്‍ഡ് മുമ്പാകെയും ഹാജരാക്കി.



