കോഴിക്കോട്: പഴയ വൈദ്യുതി പോസ്റ്റ് നീക്കുന്നതിനിടെ റോഡിന് കുറുകെ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബേപ്പൂര്‍ ഇരട്ടച്ചിറ ഗുരുക്കള്‍കാവ് റോഡില്‍ മഞ്ചക്കല്‍ ബാബുവിന്റെ മകന്‍ അര്‍ജ്ജുന്‍(22) ആണ് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ബൈക്കിന് പിറകില്‍ യാത്ര ചെയ്തിരുന്ന അര്‍ജ്ജുന്റെ തലയിലാണ് പോസ്റ്റ് വീണത്. സംഭവത്തില്‍ കരാറുകാരനായ നല്ലളം ചെമ്മലശ്ശേരി ആലിക്കോയ(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. കെ.എസ്.ഇ.ബി സെക്്ഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അനധികൃതമായാണ് പോസ്റ്റ് മാറ്റിയതൈന്ന് ബേപ്പൂര്‍ സെക്്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. കരാര്‍ തൊഴിലാളികള്‍ ഒരു വശത്തെ കോണ്‍ക്രീറ്റ് പൊട്ടിച്ച് കമ്പികള്‍ മുറിക്കുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു.
പാതയോരത്തെ പോസ്റ്റ് നീക്കം ചെയ്യുന്നതിന് ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പഴയ പോസ്റ്റില്‍ നിന്ന് ലൈനുകള്‍ മാറ്റിയിട്ട് പത്ത് മാസമായി. എന്നിട്ടും പോസ്റ്റ് നീക്കം ചെയ്തില്ല. റോഡരികിലെ പോസ്റ്റ് നീക്കം ചെയ്യുമ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണം നടത്തണം. കെ.എസ്.ഇ.ബി എഞ്ചിനീയര്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അതനുസരിച്ചാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പഴയ പോസ്റ്റുകള്‍ മാറ്റുന്ന കാര്യത്തില്‍ കെ.എസ്.ഇ.ബി ഉദാസീനത കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തെപ്പറ്റി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അന്വേഷിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ എന്‍.എല്‍ ബിജോയ് പറഞ്ഞു.
അര്‍ജുന്റെ മൃതദേഹം രാവിലെ സംസ്‌കരിച്ചു. അമ്മ: അനിത. സഹോദരങ്ങള്‍: അഞ്ജു, ആതിര.



