കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ഒഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയില്ല. മേയ് ആദ്യവാരത്തിലാണ് 266 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ കാടുവെട്ടുന്നതിനിടെയാണ് ഇവ ജോലിക്കാരുടെ ശ്രദ്ധയില്‍പെട്ടത്. പൂനയിലെ ഫാക്ടറിയിലും ഇംഗ്ലണ്ടിലും നിര്‍മിച്ചവയാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വെടിയുണ്ടകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും 1994 മുതല്‍ തോക്ക് ലൈസന്‍സ് ഉള്ളവരുടെ രേഖകള്‍ പരിശോധിച്ചിരുന്നു.
ഇതില്‍ മരിച്ചുപോയവരും അല്ലാത്തവരുമായി 20 പേര്‍ ലൈസന്‍സ് തിരിച്ചേല്‍പിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു.ഇത്തരം ആളുകളുടെ വീടുകളില്‍ അന്ന് സൂക്ഷിച്ച വെടിയുണ്ടകളാണോ ഒഴിവാക്കിയത് എന്നാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുവന്നതാണോ എന്നറിയാനും ക്രൈംബ്രാഞ്ച് ശ്രമിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ ക്രൈം റിക്കാര്‍ഡ് ബ്യൂറോകള്‍ മുഖേന അന്വേഷിക്കുന്നുണ്ട്.
2014 വരെ തോക്ക് ലൈസന്‍സികള്‍ക്ക് പ്രതിവര്‍ഷം 300 വെടിയുണ്ടകള്‍ വരെ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍, ഉപയോഗിക്കാതെ വാങ്ങി സൂക്ഷിക്കുന്നവരും ഉണ്ട്. നിലവിലുള്ള നിയമമനുസരിച്ച് 100 ഉണ്ടകള്‍ മാത്രമെ ഒരു വര്‍ഷം നല്‍കുന്നുള്ളു.
28 വര്‍ഷം മുമ്പുള്ള തോക്ക് ലൈസന്‍സികളുടെ വിലാസം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ എത്രപേരുടെ കൈയില്‍ വെടിയുണ്ടകള്‍ ശേഷിക്കുന്നുവെന്നാണ് അന്വേഷിക്കുന്നത്. വെടിയുണ്ടകള്‍ക്ക് പുറമെ വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും തൊണ്ടയാട് നിന്ന് കണ്ടെത്തിയിരുന്നു. 50 വെടിയുണ്ടകള്‍ വീതമുള്ള അഞ്ച് പ്ലാസ്റ്റിക് പെട്ടികളാണ് കണ്ടെത്തിയിരുന്നത്.
തൊണ്ടയാട് റൈഫിള്‍ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവിടെ നിന്ന് ഏറെ മാറിയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നത്. ഏതെങ്കിലും സംഘടനകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. നഗരത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സ്പോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൊഫ്യൂസല്‍ സ്റ്റാന്റ് പരിസരത്ത് സ്ഫോടനം നടക്കുകയുമുണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വെടിയുണ്ടകള്‍ എങ്ങനെ എത്തി എന്നതിന് സൂചന ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് തോക്ക് ലൈസന്‍സ് ഉള്ളവര്‍ ഉപേക്ഷിച്ചതാവാം എന്ന നിഗമനത്തില്‍ എത്തിയത്.



