കോഴിക്കോട്: വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശിനിയായ 13 വയസ്സുകാരിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റിലാണ് സംഭവം. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
നാലു മാസമായി കുട്ടിയെ ഫ്ളാറ്റില്‍ ജോലിക്കു നിര്‍ത്തിയിരിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്ളാറ്റിലെ അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.
ഡോ. മിര്‍സ മുഹമ്മദ് വീട്ടിലില്ലാത്തപ്പോള്‍ ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും പൊള്ളിക്കുകയും കത്തി കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കി. ദ്വിഭാഷിയെ ഉപയോഗിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മാതാവ് മരിച്ചുപോയ പെണ്‍കുട്ടി മേയ് മാസത്തിലാണ് ഇവിടെ എത്തിയത്.



