കൊയിലാണ്ടി: സി.പി.എം പ്രകടനത്തിനിടെ തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം വിവാദമാകുന്നു. തീര്‍ത്തും പ്രകോപനപരമായ ആള്‍ക്കൂട്ട മുദ്രാവാക്യം വിളികളില്‍ പങ്കാളികളായവര്‍ക്കെതിരെ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. സംഭവത്തില്‍ സി.പി.എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഐബിനെ….വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍…. ചത്തുമലര്‍ന്നത് ഓര്‍മയില്ലേ…പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നു മോനായാലും, വീട്ടില്‍ കയറി കൊത്തിക്കീറും….പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല’ എന്നിങ്ങനെയാണ് സി.പി.എം പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. പ്രകോപനം സൃഷ്ടിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍ ഇതിനകം സാമൂഹ്യമാധ്യമങ്ങളിലും പരക്കുകയാണ്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് ശക്തമായ നടപടി സ്വീകരിച്ച് പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാണ് പൊതുജനങ്ങളുടെ വികാരം.
കോഴിക്കോട് മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ സ്തൂപം തകര്‍ത്തതായും പരാതിയുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആയുധവുമായി വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടിയില്‍ അമ്പലത്തു കുളങ്ങര കോണ്‍ഗ്രസ് ഓഫീസിന് നേരെയും ബോംബേറുണ്ടായി. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രദേശത്ത് ഇന്നലെ രാത്രി കടുത്ത സംഘര്‍ഷാവസ്ഥയാണുണ്ടായത്.



