തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്റെ നടപടി പുതിയ തലത്തിലേക്ക്. ഇന്നലെ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍മാര്‍ ഉടന്‍ രാജിവെക്കുക എന്ന ആവശ്യത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്നാക്കം പോയി. അവര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. നവംബര്‍ മൂന്ന് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ രാജി അനിവാര്യമെന്ന സൂചനയാണ് ഹൈക്കോടതി നല്‍കിയത്. സാങ്കേതിക സര്‍വകലാശാല വി.സിയുടെ നിയമനം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണങ്ങള്‍ ഉണ്ടായത്. വൈസ് ചാന്‍സലര്‍മാരുടെ വാദഗതികളെ ഖണ്ഡിച്ചാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. കുസാറ്റ് വി.സിയെ കോടതി താക്കീത് ചെയ്യുകയുമുണ്ടായി.
അതേസമയം, വി.സിമാര്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ല. മുഖ്യമന്ത്രി വികാരാധീനനായി പറഞ്ഞു. എന്നാല്‍, നിയമവശം പരിശോധിച്ച വിദഗ്ധര്‍ പലരും വൈസ് ചാന്‍സലര്‍മാരുടെ രാജി അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ചട്ടലംഘനം നടന്നതിനാല്‍ വൈസ് ചാന്‍സലര്‍മാര്‍ നിയമനം നേടിയ ദിവസം മുതല്‍ അയോഗ്യരായെന്ന് സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഗവര്‍ണറുടെ നിര്‍ദേശം അനുസരിക്കേണ്ട വേളയില്‍ തന്നെ കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍പിള്ള ഇന്നലെ വിരമിച്ചു. കാലാവധി പൂര്‍ത്തിയാക്കിയാണ് സ്ഥാനം ഒഴിഞ്ഞത്.
ഏതായാലും വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍ക്ക് എന്ത് മറുപടി നല്‍കും എന്നതിന് ആശ്രയിച്ചാണ് അടുത്ത നിയമയുദ്ധം. അണുവിട വിട്ടുകൊടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ തയാറാവില്ല എന്നാണ് സൂചന. എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ. എം.എസ് ജയശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് എല്ലാ വി.സിമാരും സ്ഥാനം ഒഴിയണമെന്ന ഗവര്‍ണറുടെ നിര്‍ദേശം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും ആര്‍.എസ്.എസിന്റെ ചട്ടുകമായി മാറിയെന്നുമാണ് സി.പി.എമ്മിന്റെ വാദം. ഇടതുമുന്നണി ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. അതേസമയം, നിയമപരമായി കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ തങ്ങളുടെ നില അത്ര പന്തിയല്ലെന്ന് സര്‍ക്കാറിന് അറിയാം. അതുകൊണ്ടാണ് ഗവര്‍ണറെ കടന്നാക്രമിക്കുന്നത് സൂക്ഷിച്ചുമതിയെന്ന നിലപാട് എടുക്കുന്നത്. മന്ത്രി എം.ബി രാജേഷ് ഗവര്‍ണര്‍ക്ക് എതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതും ഇതേ സാഹചര്യം പരിഗണിച്ചാണ്.



