കേന്ദ്രസഹായം തേടാമെന്ന് ഹൈക്കോടതി
കോടതിവിധി മാനിക്കുന്നു, സമരം തുടരുമെന്നും സമരസമിതി
പ്രത്യേക ലേഖകന്‍
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പോലീസിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്‌സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
അതേസമയം, സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു.
പദ്ധതിക്ക് പോലീസ് സംരക്ഷണം പര്യാപ്തമെല്ലന്ന് അദാനി ഗ്രൂപ്പും കരാറുകാരനും ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണം തടസ്സപ്പെടാന്‍ പാടില്ല. അതീവ സുരക്ഷ മേഖലയിലേക്ക് ആളുകള്‍ അതിക്രമിച്ചുകയറുന്നത് തടയണം. സംരക്ഷണം നല്‍കേണ്ട പോലീസ് സമരക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ്. കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ അയക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രസേനയുടെ ആവശ്യം നിലവിലില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.
അതേസമയം, വിധിയെ മാനിക്കുന്നുവെന്ന് സമരസമിതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ കരാറുകാരന്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനിനുള്ള ഇടക്കാല വിധിയാണിത്. ഇതില്‍കൂടുതല്‍ പ്രതീക്ഷിച്ചെങ്കിലും ഹൈക്കോടതി കരാറുകാരന് സംരക്ഷണം നല്‍കണമെന്നാണ് പറഞ്ഞത്. അത് ഞങ്ങള്‍ പാലിക്കുന്നു. സമരക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശവും കോടതി സംരക്ഷിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പോരാട്ടമാണ്. തീരവും വീടും മത്സ്യ ബന്ധന ഉപകരണങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. വിളപ്പിന്‍ശാലയില്‍ കോടതി ഉത്തരവ് പ്രകാരം പദ്ധതി നടപ്പാക്കാന്‍ വന്ന ഭരണകൂടത്തിന് ജനങ്ങള്‍ ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്ന ചരിത്രമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടം അന്തിമ വിധിയില്‍ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും സമരസമിതി കണ്‍വീനറും അതിരൂപത വികാരി ജനറാളുമായ ഫാ. യൂജിന്‍ പെരേരെ പറഞ്ഞു.
വിഴിഞ്ഞത്ത് കഴിഞ്ഞ മൂന്നു മാസമായി നിര്‍മ്മാണ പ്രവര്‍ത്തം നടക്കുന്നില്ല. നടപടികള്‍ മത്സ്യത്തൊഴിലാളികള്‍ തടസ്സപ്പെടുത്തിയിട്ടുമില്ല. സമരക്കാര്‍ നിര്‍മാണം തടസ്സപ്പെടുത്തി എന്ന് കരാറുകാര്‍ കോടതിയില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. കടല്‍ പ്രക്ഷുബ്ദമായതിനാലാണ് നിര്‍മ്മാണം നിര്‍ത്തിവച്ചത്. സമരം ശക്തമായി തന്നെ തുടരും. സമരവേദി മാറ്റില്ലെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.



