കോഴിക്കോട്: സ്‌കൂളുകളും കോളജുകളും തുറന്നതോടെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നത്തിനും തുടക്കമായി. ഇനിയുള്ള ദിവസങ്ങളില്‍ പ്രശ്നം രൂക്ഷമാകുമെന്നാണ് സൂചന. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കുന്ന പാസ് വിതരണം ചെയ്യുന്നതിന് ഇനിയും നടപടിയാകാത്തതാണ് സങ്കീര്‍ണമാകുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സ്റ്റുഡന്റ് ഫെസിലിറ്റി കമ്മിറ്റി വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പുതന്നെ യോഗം ചേര്‍ന്ന് പാസ് വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ യോഗം ചേര്‍ന്നിട്ടില്ല. ബസുടമ അസോസിയേഷന്‍, ആര്‍.ടി.ഒ അധികൃതര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പാരലല്‍ കോളജ് അധികൃതര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് തീരുമാനമെടുക്കേണ്ടത്. ഏതൊക്കെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്‍സഷന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ സമിതിയാണ് തീരുമാനമെടുക്കുക.
യോഗം ചേരാത്തതിനാല്‍, യൂണിഫോം ഇട്ട കുട്ടികള്‍ക്ക് മാത്രം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്നാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയുണ്ട്.
കൊവിഡ് കാലത്ത് നിരവധി ബസുകള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. അതില്‍ ഭൂരിഭാഗവും ഇപ്പോഴും കട്ടപ്പുറത്താണ്. ചാര്‍ജ്ജ് വര്‍ധന നിലവില്‍ വന്നപ്പോള്‍ കുറച്ചെണ്ണം ഓടുന്നുണ്ട്. എങ്കിലും പല റൂട്ടുകളിലും ആവശ്യത്തിന് ബസില്ലാത്ത അവസ്ഥയാണ്. യാത്രക്കാരെ കയറ്റിയശേഷം മാത്രം വിദ്യാര്‍ത്ഥികളെ പരിഗണിക്കുക എന്ന നയമാണ് ബസുകാര്‍ക്കുള്ളത്. ഇത് പലയിടത്തും പ്രശ്നം സൃഷ്ടിക്കും.
കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സഷന്‍ കിട്ടുന്നതിന് സീസണ്‍ ടിക്കറ്റ് എടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അതും പ്രയാസം സൃഷ്ടിക്കുന്നു. എല്ലാ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉണ്ടാവില്ല. പല എയിഡഡ്, അണ്‍ എയിഡഡ് വിദ്യാലയങ്ങളും സ്വന്തമായി വാഹനം ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് കര്‍ശന വ്യവസ്ഥകള്‍ ഉണ്ട്. ഇതോടെ പലരും വാഹനം നിര്‍ത്തുന്ന സ്ഥിതിയിലാണ്. സാധാരണക്കാരായ വീട്ടുകാര്‍ക്ക് വലിയ തുക കൊടുത്ത് വാഹനം ഏര്‍പ്പെടുത്താനും സാധിക്കില്ല.
സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത് കയറ്റുന്നതും പതിവാണ്. ഇത് നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്താറുണ്ടെങ്കിലും അത്രത്തോളം പ്രായോഗികമാവാറില്ല എന്നാണ് അനുഭവം. ഏതായാലും ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ സജീവ ജാഗ്രത പുലര്‍ത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.



