കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിദേശരാജ്യത്ത് കഴിഞ്ഞ ഒരുമാസമായി തുടരുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ലുക്ക് ഔട്ട് നോട്ടീസുളളതിനാല്‍ ഇതിന് കഴിയും. വിജയ് ബാബുവിന് സഹായം ചെയ്തുകൊടുത്തവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശത്ത് ആവശ്യമുളള പണം തീര്‍ന്നതിനാല്‍ വിജയ് ബാബുവിന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ നെടുമ്പാശേരി വിമാനത്താവളം വഴി ദുബായില്‍ എത്തിച്ചുനല്‍കിയ നടിയെയും പൊലീസ് ചോദ്യം ചെയ്യും. പരാതിക്കാരിയായ പുതുമുഖ നടിയോട് പരാതി പിന്‍വലിക്കാന്‍ ഈ നടി ആവശ്യപ്പെട്ടെന്ന് വിവരമുണ്ട്. ഇക്കാര്യങ്ങളറിയാനാണ് നടിയെ പൊലീസ് ചോദ്യം ചെയ്യുന്നത്.
മേയ് 30ന് നാട്ടിലേക്ക് വരുന്നതിനുളള ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബു അഭിഭാഷകന്‍ വഴി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വന്നില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തളളുമെന്ന് കോടതി കഴിഞ്ഞദിവസവും നിലപാട് അറിയിച്ചതോടെയാണിത്. അതിജീവിത ഇതിനിടെ വിജയ്ബാബുവിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഹര്‍ജി നല്‍കി. പ്രതി തന്നെ ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യമൊഴിവാക്കണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് നടി ആവശ്യപ്പെട്ടത്.
അതേസമയം നിയമവ്യവസ്ഥയില്‍ നിന്നും കടന്നുകളഞ്ഞ പ്രതിയെ എന്തുവന്നാലും പിടികൂടുമെന്നും ഇതിന് ലഭ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ അറിയിച്ചു.



