ജോസ് ടി. തോമസ്
്വെട്ടി വെട്ടി അലകുപോയ വാക്കാണു വര്‍ഗീയത. ഒരു പുല്‍ക്കൊടിക്കോ ഉണക്കച്ചില്ലയ്‌ക്കോ പോലും അതുകൊണ്ടു പരിക്കേറ്റിട്ടില്ല.
വര്‍ഗീയതയുടെ ഇന്ത്യന്‍ ഇംഗ്ലീഷായ ‘കമ്യൂണലിസം’ എന്നു കേട്ടാല്‍ ഇംഗ്ലീഷ് മാതൃഭാഷക്കാര്‍ കണ്‍ഫ്യൂഷനിലാവുകയും ചെയ്യും.
മതസമൂഹങ്ങള്‍ക്കകത്തു നില്‍ക്കുന്നവരായാലും അവയ്ക്കു പുറത്തു നില്‍ക്കുന്നവരായാലും, മതനേതൃത്വങ്ങളെ ഭയന്നു പറയുന്ന വാക്കാണു വര്‍ഗീയത. മതത്തിന്റെ യഥാര്‍ത്ഥ ഡീലര്‍മാരെ തൊടാതെ പറയുന്ന വാക്ക്.
വേദത്തെയും ദൈവത്തെയും കുറിച്ചുള്ള പാണ്ഡിത്യത്തിന്റെ പേരില്‍ ജനതകളുടെ മേല്‍ ഭരണം നടത്താനാഗ്രഹിക്കുന്ന പുരുഷസംഘങ്ങളെ തൊടാതെ വിടുന്ന വാക്ക്.
വര്‍ഗീയത സാമ്പത്തിക വര്‍ഗപരതയല്ല; ഗോത്രപരതയുടെ വികസിത തുടര്‍ച്ച ആയ എന്തോ ‘സാമുദായികത’ അല്ല(കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ മനുഷ്യസമുദായം എന്നതിന്റെ ചുരുക്കഴുത്തായാണു സമുദായം എന്ന വാക്ക് മലയാളത്തില്‍ ഉപയോഗിച്ചിരുന്നത്). തങ്ങളുടെ വേദവും വേദശാസ്ത്രവും ശ്രേണീവ്യവസ്ഥയും അതിന്റെ നിയമങ്ങളുംകൊണ്ടു പ്രദേശമോ ദേശമോ ലോകമോ നിയന്ത്രിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന പുരുഷസംഘങ്ങളുടെ പ്രച്ഛന്ന രാഷ്ട്രീയമാണു മതാത്മകത.
മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം എന്നു പറഞ്ഞു ചുരുക്കി സൗകര്യപൂര്‍വം മതാത്മകത എന്ന ഈ സാമൂഹികയാഥാര്‍ത്ഥ്യത്തോടു കണ്ണടയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന പൊള്ളവാക്കാണു വര്‍ഗീയത.
പ്രത്യക്ഷ ഭൗതികത്തിലും അദൃശ്യ ആന്തരികതയിലും ഒരേസമയം സന്നിഹിതവും പ്രവര്‍ത്തനനിരതവുമായ അധ്യാത്മത്തില്‍ (സ്പിരിച്വാലിറ്റി) ആരാധനക്രമംകൊണ്ട് തങ്ങളുടെ പ്രകൃതിവിരുദ്ധ, സ്ത്രീവിരുദ്ധ പ്രച്ഛന്ന രാഷ്ട്രീയത്തെ മതപണ്ഡിതന്മാര്‍ സമര്‍ത്ഥമായി പൊതിഞ്ഞുവച്ചിരിക്കുന്നതിനാല്‍, ജനങ്ങള്‍ – പ്രത്യേകിച്ച്, സവിശേഷ ആന്തരികത ഉള്ള സ്ത്രീസമൂഹം- ഈ പുരുഷ മതാത്മകാധികാരത്തിനു കീഴ്‌പ്പെട്ടുപോയി. പൊതുവിദ്യാഭ്യാസം ഇതില്‍നിന്നുള്ള വിമോചനത്തിനു വഴിയൊരുക്കാത്തതിനാല്‍ ഈ മതാത്മകത അടിക്കടി പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്തു.
മതാത്മകതയുടെ ജനവിരുദ്ധത പ്രത്യയശാസ്ത്രപരമായി തിരിച്ചറിയാന്‍ കഴിഞ്ഞ സൈദ്ധാന്തികര്‍ സമീപനൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈശ്വരവിശ്വാസത്തിലെയും മതാനുഷ്ഠാനങ്ങളിലെയും ആന്തരികതയുടെ വശത്തെ അഭിസംബോധന ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. അവരുടെ സിദ്ധാന്തങ്ങള്‍ക്കുമേല്‍ പണിയപ്പെട്ട രാഷ്ട്രീയത്തിനും കഴിഞ്ഞില്ല
ഫ്രഞ്ച് വിപ്ലവാനന്തരവും റഷ്യന്‍ വിപ്ലവാനന്തരവുമുള്ള മതേതര- മതരഹിത രാഷ്ട്രീയത്തിന്റെ പരിണതിയില്‍ ഇതു പ്രതിഫലിക്കുന്നുണ്ട്. കൊച്ചുകേരളത്തില്‍ മതാത്മകതയ്‌ക്കെതിരെ ശക്തമായ നയസമീപനങ്ങള്‍ കൈക്കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും, വിമോചനസമരത്തിന്റെ ഷോക്കില്‍ നിന്ന് ഇനിയും കരകയറാതെ നില്‍ക്കുന്നത്, പുതിയ മനുഷ്യന്റെ അധ്യാത്മദാഹം പരിഹരിക്കുന്നതിന് ഒരു മതാത്മകതയും പര്യാപ്തമല്ലെന്നു തുറന്നുപറയാന്‍ പറ്റാത്തതുകൊണ്ടല്ലേ? ആദ്യം ആ ആന്തരികത അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ അതെങ്ങനെ സാധിക്കും?
പക്ഷേ, മതങ്ങളുടെ പുരുഷാധികാര വ്യവസ്ഥയ്ക്കു പുറത്തു സ്വന്തം ആന്തരികത സാക്ഷാത്കരിക്കുന്ന, ‘ദൈവത്തെ ഭയപ്പെടേണ്ടതില്ലാത്ത’ പുതിയ തലമുറകള്‍ വന്നു കഴിഞ്ഞു. അവര്‍ക്കിനി സൈദ്ധാന്തിക ടെക്സ്റ്റ് ബുക്കുകള്‍ ആവശ്യവുമില്ല.



