ഇരകളെ ഗവ.ഹോസ്റ്റലിലേക്ക് മാറ്റി
മുന്‍കൂര്‍ ജാമ്യഹരജി വീണ്ടും നീട്ടി
സൂപ്പി വാണിമേല്‍
മംഗളൂരു:മഠം അന്തേവാസികളായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം കാണിച്ചു എന്ന കേസില്‍ പ്രതിയായ ചിത്രദുര്‍ഗ്ഗ ജഗദ്ഗുരു മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിന്റെ അറസ്റ്റ് വൈകുന്നതിന്റെ കാരണം ആരാഞ്ഞ് ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസ്.ദേശീയ ശിശു അവകാശ സംരക്ഷണ (എന്‍.സി.പി.സി.ആര്‍) കേന്ദ്ര, കര്‍ണാടക കമ്മീഷനുകളാണ് ചിത്രദുര്‍ഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് കെ.പരശുരാമക്ക് നോട്ടീസ് അയച്ചത്.ഇരു നോട്ടീസുകളിലും ഉന്നയിച്ച ഒമ്പത് ചോദ്യങ്ങള്‍ക്ക് ആഴ്ചക്കകം മറുപടി നല്‍കണം.കര്‍ണാടക കമ്മീഷന്‍ സംഭവത്തില്‍ മഠാധിപതിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മഠം ഹോസ്റ്റലില്‍ താമസിച്ച് സ്‌കൂളില്‍ പോവുന്ന 15,16 പ്രായക്കാരായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ സന്നദ്ധ സംഘടന മുഖേന മൈസൂറു ജില്ല ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മഠാധിപതിക്കെതിരെ ‘പോക്‌സോ’ചുമത്തി കേസെടുത്തത്.

ഒരുകുട്ടിയെ മൂന്നര വര്‍ഷമായും മറ്റേ കുട്ടിയെ ഒന്നര വര്‍ഷമായും മഠാധിപതി തന്റെ കിടപ്പറയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി.ഇരകളുടെ വിവരശേഖരണം, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റുതല രഹസ്യമൊഴി രേഖപ്പെടുത്തല്‍ എന്നിവ വേഗത്തില്‍ നടത്തിയിരുന്നു.ദലിത്, പിന്നാക്ക വിഭാഗക്കാരായ ഇരകളെ വ്യാഴാഴ്ച ഗവ.ഹോസ്റ്റലിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
അതേസമയം മഠാധിപതിയെ ചോദ്യം ചെയ്യാന്‍ പോലും പോലീസിനായിട്ടില്ല.മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള ശ്രമത്തിലാണ് മഠാധിപതി.ഇന്ന് പരിഗണിക്കുമെന്ന് പറഞ്ഞ ജാമ്യഹരജി കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.മഠാധിപതിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പ.പൊലീസ് അന്വേഷിച്ചു കണ്ടെത്തട്ടേ എന്ന നിലപാടില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടരുന്നു.കോണ്‍ഗ്രസ് പരിപാടികളില്‍ സഹകരിക്കുന്ന മഠാധിപതിക്ക് തിരിച്ചും അത് നല്‍കുകയാണ് ആ പാര്‍ട്ടി.ജെ.ഡി.എസ് നേതാവ് മുന്‍മുഖ്യമന്ത്രി ഡി.കുമാരസ്വാമി ദിവസങ്ങള്‍ നീണ്ട മൗനം വെടിഞ്ഞ് മഠാധിപതിക്കെതിരെ പ്രതികരിച്ചു.വിവിധ ദലിത് സംഘടനകള്‍ പ്രക്ഷോഭ വഴിയിലാണ്.



