കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയവുമായെത്തിയ നൂറു കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാനാഞ്ചിറ മൈതാനിയില്‍ അണിനിരന്നു. മേയര്‍ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ ഏറ്റു ചൊല്ലി.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള എന്‍ എസ് എസ്, എസ് പി സി, ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 2000 ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിവിട്ടു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു. മാനാഞ്ചിറയില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ദിവാകരന്‍, പി സി രാജന്‍, ഡോ.ജയശ്രീ, പി കെ നാസര്‍, സി. രേഖ, ഡി സി പി എ.ശ്രീനിവാസ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബെഞ്ചമിന്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ പി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



