മുംബൈ: ഭാരതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കര്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച ഗായകരില്‍ ഒരാളാണ്. 1929 സെപ്റ്റംബര്‍ 2 8 ന് , മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനനം. ശാസ്ത്രീയ സംഗീത ഗായകനായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കരുടെയും , നാടകകലാകാരിയായിരുന്ന ഷെവന്തിയുടെയും മകളാണ്. ചെറുപ്പത്തില്‍ തന്നെ പിതാവ് ദീനാനാഥ് ലതക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ലതയുടെ അഞ്ചാമത്തെ വയസ്സ് മുതല്‍ താന്‍ ചിട്ടപ്പെടുത്തിയിരുന്ന നാടകങ്ങളില്‍ അവരെ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു .
എട്ട് പതിറ്റാണ്ടോളം പിന്നിട്ട സംഗീത ജീവിതത്തില്‍ സിനിമ ലോകത്തെ മുന്നണി നായികമാരുടെയെല്ലാം ആലാപന മാധുര്യമായി ലത മങ്കേഷ്‌കര്‍ മാറി. ആയിരത്തിലധികം ഹിന്ദി ചലചിത്രങ്ങളിലും മുപ്പത്തിയാറ് പ്രാദേശിക ഭാഷ ചിത്രങ്ങളിലുമായി അയ്യായിരത്തോളം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട് . ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ ഒട്ടധികം സ്വാധീനിച്ച വ്യക്തി കൂടിയാണ് ലത മങ്കേഷ്‌കര്‍ . 1942 മുതല്‍ സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയ ലത മങ്കേഷ്‌ക്കര്‍ പഴയ കാല നായികയായിരുന്ന മധുബാല തൊട്ട് ഇന്നത്തെ താരമായ പ്രിയങ്ക ചോപ്രക്ക് വേണ്ടി വരെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .
1942 ല്‍ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന ലത മങ്കേഷ്‌കര്‍ ആദ്യമായി അഭിനയലോകത്തും സാന്നിധ്യം അറിയിച്ചു. ബഡി മാ എന്ന സിനിമയിലാണ് അഭിനേത്രി എന്ന നിലയില്‍ മുഖം കാണിച്ചത്. 1949 ല്‍ മുംബൈയിലേക്ക് താമസം മാറ്റിയ ലത മങ്കേഷ്‌കര്‍ അവിടെ നിന്ന് ഉസ്താദ് അമന്‍ അലി ഖാനില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുകയുണ്ടായി.
മദന്‍ മോഹന്‍, ആര്‍ ഡി ബര്‍മന്‍, ലക്ഷ്മികാന്ത്പ്യാരേലാല്‍, എ ആര്‍ റഹ്മാന്‍ എന്നിവരുള്‍പ്പെടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .ലക്ഷ്മികാന്ത്പ്യാരേലാല്‍ കൂട്ടുകെട്ടിന്റെ സംഗീത സംവിധാനത്തില്‍ ഏകദേശം എഴുന്നൂറോളം പാട്ടുകളാണ് ലത മങ്കേഷ്‌കര്‍ പാടിയത്.
എട്ട് പതിറ്റാണ്ട് നീണ്ടു നിന്ന സംഗീത ജീവിതത്തില്‍ ലത മങ്കേഷ്‌കറെ തേടി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും തേടി എത്തിയിട്ടുണ്ട് . 1989 ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും , 2001 ല്‍ രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നം നല്‍കിയും അവരെ ആദരിക്കുകയുണ്ടായി . എം എസ് സുബ്ബലക്ഷ്മിക്ക് ശേഷം ഭാരത രത്‌ന പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഗായികയാണ് ലത മങ്കേഷ്‌കര്‍. .
മലയാളത്തിലും ലത പാടിയിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലില്‍ കദളി, കണ്‍കദളി എന്നു തുടങ്ങുന്ന ഗാനം ലതയുടെ ശബ്ദത്തില്‍ അവിസ്മരണീയമായി. വയലാര്‍ രാമവര്‍മ്മ എഴുതിയ ഗാനം ചിട്ടപ്പെടുത്തിയത് സലില്‍ ചൗധരി ആയിരുന്നു. പാട്ടിന്റെ നഗരമായ കോഴിക്കോട് ലതയുടെ പാട്ടുകള്‍ പാടുന്ന ഗായകര്‍ ഏറെയുണ്ട്. പ്രശസ്ത പത്രപ്രവര്‍ത്തകനും കലാനിരൂപകനുമായ ജമാല്‍ കൊച്ചങ്ങാടി ലതാ മങ്കേഷ്‌ക്കറിന്റെ സംഗീതയാത്രയെപ്പറ്റി പുസ്തകം എഴുതിയിട്ടുണ്ട്.



