ബേപ്പൂര്‍: ലക്ഷദ്വീപിലേക്കുള്ള യാത്രാപ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരമായില്ല. ഇന്നലെ ബേപ്പൂരില്‍ നിന്ന് 80 യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിച്ചുവെങ്കിലും നൂറുകണക്കിന് യാത്രക്കാര്‍ കാത്തിരിപ്പ് തുടരുകയാണ്. ടിക്കറ്റുകളുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. ലക്ഷദ്വീപിലേക്കുള്ള ഏഴ് കപ്പലുകളില്‍ രണ്ടെണ്ണം മാത്രമാണ് നിലവില്‍ കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ ടിക്കറ്റുകള്‍ ലഭിക്കാതെ ആയിരത്തോളം ആളുകളാണ് ബേപ്പൂരില്‍ കുടുങ്ങിക്കിടക്കുന്നത്.
മണ്‍സൂണ്‍ കാല നിരോധനം സെപ്റ്റംബര്‍ 15 വരെ നിലനില്‍ക്കുന്നതിനാല്‍ ബേപ്പൂര്‍ തുറമുഖത്ത് നിന്നും യാത്രാ കപ്പല്‍ സര്‍വീസ് ഇല്ല.കൊച്ചിയില്‍ നിന്ന് ദ്വീപിലേക്ക് പുറപ്പെടുന്ന കപ്പലില്‍ ടിക്കറ്റ് നല്‍കുന്നതിന് ‘ടിക്കറ്റ്കൗണ്ടര്‍’ ബേപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തിരിച്ചുപോകുന്നതിനുള്ള ടിക്കറ്റിനായി ബേപ്പൂരിലെ കൗണ്ടറിനു മുന്‍പില്‍ രാപ്പകലില്ലാതെ സ്ത്രീകളും, കുട്ടികളും പ്രായമേറിയവരും കാത്തുനില്‍ക്കുകയാണ്. നിശ്ചിത സമയത്ത് ഓണ്‍ലൈനില്‍ ടിക്കറ്റ് ‘ഓപ്പണ്‍’ ആകുമ്പോള്‍ ബേപ്പൂര്‍, മംഗലാപുരം, കൊച്ചി കൗണ്ടറുകളില്‍ നിന്ന് ഒരേസമയം ടിക്കറ്റ് നല്‍കുന്നതിനാല്‍ പെട്ടെന്ന് തന്നെ തീര്‍ന്നു പോവുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.
എം.വി. കവരത്തി , എം.വി.ലഗൂണ്‍ , ലക്ഷദ്വീപ് സീ, എം .വി.അമീനി , എം.വി. മിനിക്കോയി എന്നീ അഞ്ചു കപ്പലുകളാണ് സര്‍വിസ് നടത്താതെ അറ്റകുറ്റപണികള്‍ക്കായി നങ്കൂരമിട്ടിരിക്കുന്നത്. 750 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന എം.വി. കവരത്തി ഡിസംബറിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിര്‍ത്തിയിട്ടിരിക്കയാണ്. ആറ് മാസം കഴിഞ്ഞിട്ടും കപ്പലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടില്ല.
എം.വി. അറേബ്യന്‍ സീയും, എം.വി. കോറല്‍സും മാത്രമാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.മണ്‍സൂണ്‍ കാല നിരോധനം ആയതിനാല്‍ സെപ്റ്റംബര്‍ 15 വരെ ബേപ്പൂര്‍ തുറമുഖത്ത് നിന്നും യാത്രാ കപ്പലുകള്‍ ഇല്ല.ദിവസങ്ങളോളം ബേപ്പൂരില്‍ നിന്ന് ടിക്കറ്റുകള്‍ തരപ്പെടുത്തി കൊച്ചിയില്‍ പോയി യാത്ര ചെയ്യുകയാണ് ദ്വീപുകാര്‍.
കപ്പലിന് ടിക്കറ്റുകള്‍ യഥാസമയം ലഭിക്കാതെ, യാത്രാമാര്‍ഗം അനിശ്ചിതമായി നീളുന്നതോടെ വിവിധ ആശുപത്രികളില്‍ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങേണ്ടുന്ന ദ്വീപുകാര്‍ ,ലോഡ്ജുകളിലും മറ്റും തങ്ങി വലിയ സാമ്പത്തിക ബാധ്യതയിലാണ്.
ഗതാഗത പ്രശ്നം പരിഹരിക്കാന്‍ ദ്വീപ് ഭരണകൂടം അടിയന്തിര ഇടപെടലുകള്‍ നടത്താത്തതിനെതിരെ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.



