ലക്നൗ:ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ എല്ലാ മതപരമായ ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ല. മാളിനുള്ളില്‍ ചിലര്‍ പ്രാര്‍ഥന നടത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.
എല്ലാ മതങ്ങളേയും ബഹുമാനിക്കുവെന്നു വ്യക്തമാക്കിയാണ് മതപരമായ ചടങ്ങുകളും പ്രാര്‍ഥനകളും മാളിനുള്ളില്‍ വിലക്കിയത്. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ മാളിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു. ഈ മാസം 10നാണ് ലക്നൗവിലെ മാള്‍ ഉദ്ഘാടനം ചെയ്തത്.
ഒരു മാളില്‍ എങ്ങനെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന ചോദ്യമുയര്‍ത്തി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. പള്ളിയായി ഉപയോഗിക്കുന്ന എല്ലാ മാളുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടിയെടുക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ച സംഭവത്തില്‍ ലുലു അധികൃതര്‍ നല്‍കിയ പരാതിയില്‍ ലക്നൗ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മതവിശ്വാസത്തിന്റെ പേരില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങള്‍ക്കു പിന്നാലെയാണ് ലക്നൗവിലും ലുലു ഗ്രൂപ്പ് പുതിയ മാള്‍ ആരംഭിച്ചത്. ജൂലൈ പത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ മാള്‍ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.



