കാസര്‍കോട് : റേഷന്‍കടയിലൂടെ മറിച്ചു നല്‍കിയതെന്ന് കരുതുന്ന രണ്ട് ലോഡ് അരിയും ഗോതമ്പും കടലയും സിവില്‍ സപ്ലൈസ് അധികൃതര്‍ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ ബദരിയ ബസാറില്‍ നിന്ന് പിടിച്ചെടുത്തു. റേഷന്‍കടകളില്‍നിന്ന് വാങ്ങിയ സാധനങ്ങള്‍ മറിച്ചുവില്‍ക്കാനായി സൂക്ഷിച്ചതാണെന്നാണ് അധികൃതര്‍ കരുതുന്നത്. ചെറുചാക്കുകളില്‍ സാധനങ്ങള്‍ മൂടിവെച്ച നിലയിലായിരുന്നുവെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി. സജിമോന്‍ പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അധികൃതര്‍ റേഷന്‍സാധനങ്ങള്‍ പിടിച്ചെടുത്തത്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലാണ് അരിയുള്ളത്. പ്രധാനമന്ത്രി ഗരീബ് അന്നയോജന പദ്ധതിയുടെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് കടല റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്നു. പഴകി കേടുവന്ന കടലയും അധികൃതര്‍ കണ്ടുകെട്ടി.
1.14 ടണ്‍ പുഴുക്കലരി, 32.5 ക്വിന്റല്‍ പച്ചരി, അഞ്ച് ക്വിന്റല്‍ ഗോതമ്പ്, രണ്ടരക്വിന്റല്‍ മട്ടയരി, ഒന്നരക്വിന്റല്‍ കടല എന്നിവയാണ് പിടിച്ചെടുത്തത്. ഉടമസ്ഥാവകാശം ആരും ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് സാധനങ്ങള്‍ വിദ്യാനഗര്‍ എന്‍.എഫ്.എസ്.എ. ഗോഡൗണിലേക്ക് മാറ്റി. വൈകീട്ട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത വെല്‍ക്കം ട്രേഡേഴ്സില്‍നിന്ന് ഏതാനും ചാക്ക് പുഴുക്കലരിയും പച്ചരിയും പിടിച്ചെടുത്തു



