കോഴിക്കോട് : റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും സംസ്ഥാനത്തുടനീളം നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ തീവണ്ടി യാത്രക്കാരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ചു കോഴിക്കോട് ചേര്‍ന്ന ജനമൈത്രി യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയും ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചുകാണുന്നില്ല.
റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും നായ ശല്യം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എത്രയും വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ അസോസിയേഷന്‍ കേരള റീജന്‍ ഭാരവാഹികളുടെ അടിയന്തരയോഗം തീരുമാനിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫീസില്‍ യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സി. ഇ. ചാക്കുണ്ണി അധ്യക്ഷ വഹിച്ചു.
വൈസ് പ്രസിഡണ്ട് മാരായ ജോയ് ജോസഫ്. കെ, അഡ്വക്കേറ്റ് എം.കെ. അയ്യപ്പന്‍ കണ്‍വീനര്‍മാരായ ടി.പി. വാസു, സണ്‍ഷൈന്‍ ഷൊര്‍ണൂര്‍,പി.ഐ അജയന്‍, റിയാസ് നെരോത്ത്, സി.വി. ജോസി, കുന്നോത്ത് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ഫിലിപ്പ് കെ. ആന്റണി സ്വാഗതവും സി.സി. മനോജ് നന്ദിയുടെ രേഖപ്പെടുത്തി.
ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണ്. കുറ്റ്യാടിയിലും കക്കോടിയിലും തെരുവ്നായ ആക്രമണത്തില്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഏതാനും മാസം മുമ്പ് കൊമ്മേരി, മാങ്കാവ് പൊറ്റമ്മല്‍ ഭാഗങ്ങളില്‍ നായയുടെ കടിയേറ്റ് 36 പേര്‍ ചികിത്സ തേടിയിരുന്നു. പ്രശ്ന പരിഹാരത്തിന് എല്ലാ ജില്ലകളിലും നായകള്‍ക്കായി ഷെല്‍ട്ടറുകള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് മൃഗസ്നേഹി സംഘടനയായ കെയര്‍ ഭാരവാഹി രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടിക്കുട്ടികളെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ സംവിധാനം ഉണ്ടാവണം. ഇക്കാര്യം കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചിട്ടും അനുകൂല മറുപടി ഉണ്ടായില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.



