കോഴിക്കോട്: ‘സില്‍വര്‍ ലൈന്‍’ അതിവേഗ റെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്ന കവിതയെഴുതിയതിന്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരായി, പദ്ധതി അനുകൂലികള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടത്തുന്ന അധിക്ഷേപത്തെ ജനകീയ കലാസാഹിത്യ വേദി അപലപിച്ചു. സാമൂഹിക, പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കാതെ, അതിവേഗ യാത്രയുടെ പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ട്, ജനപദങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും മുകളില്‍ കെട്ടിപ്പൊക്കുന്ന ‘സില്‍വര്‍ ലൈന്‍’ പദ്ധതിക്കെതിരെ വമ്പിച്ച ജനകീയ പ്രതിഷേധങ്ങള്‍ കേരളത്തിലെങ്ങും ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, സമൂഹത്തിന്റേയും പരിസ്ഥിതിയുടേയും ആരോഗ്യ പൂര്‍ണ്ണമായ നിലനില്പിനെപ്പറ്റി ഉത്ക്കണ്ഠപ്പെടുന്ന ഏതൊരു ജനാധിപത്യവിശ്വാസിയുടേയും ആശങ്കകള്‍ മാത്രമേ റഫീഖ് അഹമ്മദിന്റെ കവിതയിലും പ്രകടിപ്പിക്കപ്പെടുന്നുള്ളു.
ജനാധിപത്യവും കവിതയും തിരിച്ചറിയുന്നവര്‍ക്കിടയില്‍ റഫീഖിന്റെ കവിത വ്യാപകമായി സ്വീകരിക്കപ്പെട്ടപ്പോള്‍ ‘സില്‍വര്‍ ലൈന്‍’ പദ്ധതിയെ അനുകൂലിക്കുന്നവരിലെ നികൃഷ്ട മനസ്‌ക്കരെ മാത്രമാണ് അത് അലോസരപ്പെടുത്തിയിട്ടുള്ളത്. കവിതക്കും കവിക്കുമെതിരെ അശ്ലീലവര്‍ഷം നടത്താന്‍ അതായിരിക്കും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
റഫീഖിന്റെ കവിതക്കെതിരെ നടക്കുന്ന ഈ ആക്രമണവും അധിക്ഷേപങ്ങളും കവിയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ ഹീനമായ കടന്നാക്രമണമാണ്. ജനകീയ കലാസാഹിത്യവേദി ഭാരവാഹികളായ കെ.എ മോഹന്‍ദാസ്, പി.കെ വേണുഗേപാലന്‍ എന്നിവര്‍ പറഞ്ഞു.



