Thursday, January 15, 2026

രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’യെന്നു വിളിച്ച് അധീര്‍; പ്രതിഷേധവുമായി ബിജെപി

Must Read

ന്യൂഡല്‍ഹി:രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’യെന്നു കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വിളിച്ചതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കി ബിജെപി. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണു നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു. പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാര്‍ നോട്ടിസ് നല്‍കും.
വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം തെറ്റായി പോയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’യെന്നു വിശേഷിപ്പിച്ചത് നാക്കുപിഴയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. മാപ്പുപറയേണ്ട കാര്യമില്ലെന്നും ഇതിന്റെ പേരില്‍ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഞാന്‍ ഒരു തവണ മാത്രമാണ് അപ്രകാരം പറഞ്ഞത്. രാഷ്ട്രപതിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നാക്കുപിഴയാണെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്. വിവാദങ്ങളില്‍നിന്ന് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതു ബിജെപിയുടെ രീതിയാണെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

എന്നാല്‍ വിവാദ പരാമര്‍ശം അധീറിനു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തില്‍ അദ്ദേഹം നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പ്രതികരിച്ചു. ആദിവാസി വിഭാഗങ്ങളെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമര്‍ശമാണ് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവില്‍നിന്ന് ഉണ്ടായതെന്നും ഇത്തരമൊരു ആളെ സഭയില്‍ നിയോഗിച്ചതിനു കോണ്‍ഗ്രസ് അധ്യക്ഷ മാപ്പു പറയണമെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img