കോതമംഗലം: അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നേതൃത്വം നല്‍കുന്ന ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങള്‍ക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് ഇന്നലെ രാവിലെ 9 മണി മുതല്‍ ഭൂതത്താന്‍കെട്ടിലുള്ള പെരിയാര്‍ വാലിയുടെ ഹാളില്‍ വച്ച് നടന്നു. മേജര്‍ രവി നയിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വ്വഹിച്ചു. പറവൂര്‍ ആസ്ഥാനമായുള്ള ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലെസ്സ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്. മലയിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും തുടര്‍ച്ചയായുണ്ടാകുന്ന ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ദുരന്ത മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത അനേകം സന്ദര്‍ഭങ്ങള്‍ നേരിട്ട് അനുഭവമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധി എന്ന നിലയില്‍ ദുരന്ത മുഖത്ത് സര്‍ക്കാര്‍ സംവിധനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കിയതെന്ന് എം.പി. പറഞ്ഞു. ഫസ്റ്റ് എയ്ഡ്, പേഷ്യന്റ് റിക്കവറി, സി.പി.ആര്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റെ സേവനം ഏത് ദുരന്ത മേഖലയിലും, അടിയന്തിര സാഹചര്യങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഈ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. ഉദയഗിരി, കുമിളി, കോതമംഗലം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നാലു ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും എം.പി. അറിയിച്ചു



