കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഇരിങ്ങാടന്‍പള്ളി സ്വദേശി എം.കെ അഷിന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതോടെ പ്രതികളെ അറസ്റ്റ് അനിവാര്യമായിരിക്കുകയാണ്. പ്രതികള്‍ നഗരത്തില്‍ തന്നെയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് പറയുമ്പോഴും ഒളിവിലാണെന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ ഭാഷ്യം. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചിട്ടും പൊലീസ് മൗനം പാലിക്കുകയാണ്. ഡി.വൈ.എഫ്.ഐ നേതാക്കളായ ആറുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികള്‍ ആയിട്ടില്ല. അതിനിടെ അരുണ്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. പ്രതികളെപറ്റി വ്യക്തമായി സൂചന ലഭിച്ചിട്ടും മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് നടപടികല്‍ലേക്ക് നീങ്ങാത്തത് ദുരൂഹമായി തുടരുകയാണ്.
സി.പി.എം ഏരിയാകമ്മിറ്റി അംഗം കൂടിയാണ് അരുണ്‍. അരുണും ഭാര്യയും ഭാര്യയുടെ പിതാവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ പാസ് ഇല്ലാത്തതിനാല്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞതാണ് പ്രശ്നമായത്.ഒരു കൂട്ടം ആളുകളെയും കൂട്ടി വന്ന് സെക്യൂരിറ്റി ജീവനക്കാരെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും ചവിട്ടുകയുമായിരുന്നു. സംഭവം കഴിഞ്ഞ് നാലുദിവസമായിട്ടും പൊലീസ് അറസ്റ്റിന് തയാറാവാത്തത് പരക്കെ വിമര്‍ശിക്കപ്പെടുകയാണ്. മെഡിക്കല്‍ കോളജിലെ സി.സി.ടി.വിയില്‍ മര്‍ദ്ദനത്തിന്റെ വ്യക്തമായ ചിത്രം ഉണ്ട്. ഇത് പരിശോധിച്ചിട്ടും പൊലീസ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ദിനേശന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്ക് നെട്ടെല്ലിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കഠിനമായ പരിക്കുണ്ട്. ഹൃദ്രോഗിയുമാണ്. വിദഗ്ധ ചികിത്സ ലഭിക്കുന്നതിനാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറിയത്. അതേസമയം, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ വിഷയത്തില്‍ അന്വേഷണം പോലും നടത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. മറ്റു പ്രതികളായ ഇരിങ്ങാടന്‍പള്ളി സജിന്‍ മഠത്തില്‍, പി.എസ് നിഖില്‍, കോവൂര്‍ സ്വദേശി കിഴക്കേപറമ്പ് ജിതിന്‍ലാല്‍ എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.



