കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിന് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കിയതിന് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോഴിക്കോടിന് പുരമെ കോട്ടയം മെഡിക്കല്‍ കോളജിനും ഇതേ അംഗീകാരം ലഭിച്ചു. ലേബര്‍ റൂം, മെറ്റേണല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയില്‍ 96 ശതമാനം വീതം സ്‌കോറോടെയാണ് മാതൃശിശു സംരക്ഷണകേന്ദ്രം അംഗീകാരം നേടിയത്. സംസ്ഥാനത്ത് ലക്ഷ്യപദ്ധതി നടപ്പാക്കിയ ആദ്യത്തെ ആശുപത്രിയാണ് മെഡിക്കല്‍ കോളജ്. ഗര്‍ഭകാല ചികിത്സക്കും പ്രസവത്തിനും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവചികിത്സ, പ്രസവസമയത്തെ മെച്ചപ്പെട്ട സംരക്ഷണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ഓപ്പറേഷന്‍ തിയേറ്ററുകളുടെ ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചത്.
ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്യുന്നതു മുതല്‍ പ്രസവശേഷം വാര്‍ഡിലേക്ക് മാറ്റുന്നതുവരെയുള്ള സംരക്ഷണം ആശുപത്രി ഉറപ്പുവരുത്തുന്നുണ്ട്. വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ഐ.സി.യു ഉള്‍പ്പെടെ ഇവിടെ സജ്ജമാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം,പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നു. പ്രതിവര്‍ഷം 49,100 കേസുകള്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്നുണ്ട്. പ്രതിവര്‍ഷം 16,739 പ്രസവങ്ങള്‍ ഇവിടെ നടക്കുന്നു.



