അടിമാലി: സ്വന്തം പുരയിടത്തില്‍ നില്‍ക്കുകയായിരുന്ന 78 -കാരനെ മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസി തൂമ്പ കൊണ്ട് ആക്രമിച്ചു.
അടിമാലി തോക്കുപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തോക്കുപാറ വണ്ടാനത്ത് വി.പി ഉതുപ്പി (78) നെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകട നില തരണം ചെയ്തിട്ടില്ലന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.അയല്‍വാസി മണ്ണുങ്കല്‍ മണിക്കുട്ടന്‍ തൂമ്പയുമായെത്തി ഉതുപ്പിനെ ആക്രമിയ്ക്കുകയായിരുന്നെന്നും തടയാനെത്തിയ ഭാര്യയെ ഭീഷിണിപ്പെടുത്തി ഓടിയ്ക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പോലീസില്‍ വെളിപ്പെടുത്തി.
മണിക്കുട്ടനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ അറിയിച്ചു.ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന്റെ പ്രാരംഭഘട്ട അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
നേരത്തെ മണിക്കുട്ടന്‍ വധഭീഷണി മുഴക്കിയപ്പോള്‍ ഉതുപ്പ് പോലീസില്‍ പരാതി നല്‍കാനെത്തിയയെന്നും ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐ , സി ഐ യെ കാണാന്‍ അനുവദിക്കാതെ, അപമാനിച്ച് മടക്കി അയച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.



