കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെതിരെ കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. തൃക്കാക്കരയില്‍ ചങ്ങലപൊട്ടിയ പട്ടിയെ പോലെ മുഖ്യമന്ത്രി ഓടി നടക്കുന്നു എന്നതായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെ സി.പി.എം രംഗത്തുവരുകയും പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പരാമര്‍ശം സുധാകരന്‍ പിന്‍വലിച്ചെങ്കിലും സി.പി.എം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.
പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് വിളിച്ച് വരുത്തി വിശദമായ മൊഴി എടുത്തു. അതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.



