ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനു തടയിട്ട് ചൈന. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎസും ഇന്ത്യയും കൊണ്ടുവന്ന നിര്‍ദേശത്തെയാണു ചൈന തടഞ്ഞത്. നാലു മാസത്തിനിടെ മൂന്നാം തവണയാണ് ഇതേ നീക്കവുമായി ചൈന രംഗത്തുവരുന്നത്.
ഇന്ത്യ തിരയുന്ന കുറ്റവാളികളില്‍ ഏറ്റവും മുന്നിലുള്ളയാളാണ് ലഷ്‌കറെ തയിബ ഭീകരനായ സാജിദ് മിര്‍. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സാജിദ് മിറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാനിരോധനം ഏര്‍പ്പെടുത്തുകയും മറ്റു നിയന്ത്രണങ്ങള്‍ കൊണ്ടുവരികയുമായിരുന്നു ഉദ്ദേശ്യം. യുഎസ് മുന്‍കയ്യെടുത്തു കൊണ്ടവുന്ന നിര്‍ദേശത്തെ ഇന്ത്യ പിന്തുണയ്ക്കുകയായിരുന്നു.
2008ല്‍ മുംബൈയിലെ 26/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാജിദ് മിറിന്റെ തലയ്ക്ക് 5 ദശലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ സാജിദ് മിര്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായി. ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കര്‍മസമിതി) പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അറസ്റ്റ് നാടകം.
മിര്‍ ജീവിച്ചിരിപ്പില്ലെന്നാണു നേരത്തേ പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് എഫ്എടിഎഫ് തെളിവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അറസ്റ്റ്. മിറിനെതിരെ നടപടി വൈകുന്നതില്‍ യുഎസ് പാക്കിസ്ഥാനു മുന്നറിയിപ്പും നല്‍കി. മുംബൈ ഭീകരാക്രമണം പാക്കിസ്ഥാനിലിരുന്നു നിയന്ത്രിച്ചത് മിര്‍ ആണെന്നാണു കണ്ടെത്തല്‍. ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പാക്കിസ്ഥാന്‍ അവഗണിച്ചു.



