കോഴിക്കോട്: മിഠായിതെരുവിലെ മലിനജലപ്രശ്നം പരിഹരിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരെ തടഞ്ഞു. പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്ത യു.എല്‍.സി.സി ജോലി വേഗത്തിലാക്കുന്നില്ല എന്നാണ് വ്യാപാരികളുടെ പരാതി. രണ്ടാഴ്ചയായി മിഠായിതെരുവിലെ മലിനജലപ്രശ്നം നിലനില്‍ക്കുകയാണ്. മിഠായിതെരുവില്‍ മേലെ പാളയം ജംഗ്ഷനോട് ചേര്‍ന്ന ഭാഗത്ത് ഓടയില്‍ മണ്ണ് ഉള്‍പ്പെടെ കെട്ടികിടക്കുന്നതാണ് പ്രശ്നത്തിന് കാരണം. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഇവിടെ പരിശോധന നടത്തിയിരുന്നു. സ്ലാബ് ഉയര്‍ത്തി പരിശോധിച്ചാല്‍ മാത്രമെ ഓടയിലെ ബ്ലോക്ക് കണ്ടെത്താന്‍ ആവുകയുള്ളു. ഇതിന് മുകളില്‍ വിരിച്ച ടൈല്‍ ഉള്‍പ്പെടെ മാറ്റണം. ഇത്തരം ജോലികള്‍ തുടങ്ങാന്‍ വൈകുന്നതാണ് പ്രശ്നം. ഇന്ന് രാവിലെ യു.എല്‍.സി.സി പ്രതിനിധികളോ, മേയറോ സ്ഥലത്തെത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇതുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ വാട്ടര്‍ അതോറിറ്റിക്കാരെ വ്യാപാരികള്‍ തടഞ്ഞത്.

ഡ്രൈയിനേജിലെ തടസം മൂലം മിഠായിതെരുവിലെ നടപാതയിലേക്ക് മലിന ജലം ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം പരന്ന് ഒഴുകി സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും കാല്‍നടയാത്ര ദുസഹമാവുകയാണ്. കഴിഞ്ഞ ദിവസം ഡ്രൈയിനേജ് തടസം നീക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യത്തില്‍ നിര്‍മ്മാണം നടത്തിയ കരാര്‍ കമ്പിനി തന്നെ പരിഹാരം കണ്ടെത്തണമെന്നാവശ്യം ശക്തമാകുകയാണ്. കോര്‍പ്പറേഷനിലെ തൊഴിലാളികളെ ഉപയോഗിച്ച് ഡ്രൈയിനേജിലെ തടസം ഒഴിവാക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നു. നടക്കാതെ വന്നതോടെ നിര്‍മ്മാണം നടത്തിയ ഊരാളുങ്കലിന്റെ എന്‍ജിനിയര്‍മാരെ സമീപിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ വെള്ളം ഉപയോഗിച്ച് ഡ്രൈയിനേജിലെ ബ്ലോക്ക് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശക്തിയായി വെള്ളമടിച്ചിട്ടും ഡ്രൈയിനേജില്‍ രൂപപ്പെട്ട തടസംനീക്കാന്‍ സാധിച്ചില്ല.
ഡിടിപിസിയുടെയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ മിഠായി തെരുവ് നവീകരണത്തിന്റെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തിരുന്നത്. അഞ്ച് വര്‍ഷത്തെ പരിപാലനവും കരാര്‍ കമ്പിനിയായ ഊരാളുങ്കല്‍ അന്ന് ഏറ്റെടുത്തിരുന്നു. ഈ അവസരത്തില്‍ കരാറുകാരായ ഊരാളുങ്കല്‍ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.
ഓടക്ക് മുകളില്‍ 10 മീറ്റര്‍ നീളത്തിലാണ് സ്ലാബ് സ്ഥാപിച്ചത്. ജല അതോറിറ്റിയുടെ ആള്‍നൂഴി ഇവിടെയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പരിശോധനക്ക് എത്തിയ വാട്ടര്‍ അതോറിറ്റിക്കാരെയാണ് വ്യാപാരികള്‍ തടഞ്ഞത്. മിഠായിതെരുവ് നവീകരണത്തിനിടെ ആള്‍നൂഴി മൂടിപ്പോയി എന്നാണ് പറയുന്നത്. പ്രവൃത്തി വേഗത്തിലാക്കാന്‍ കോര്‍പറേഷന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.അതേസമയം, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ടൈല്‍സ് പൊട്ടിച്ച് സ്ലാബ് ഉയര്‍ത്താനുള്ള നടപടികള്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ചു.



