കോഴിക്കോട്: മിഠായിതെരുവിലെ അഴുക്കുചാലിലെ സ്തംഭനം മാറ്റുന്നതിനുള്ള നടപടികള്‍ ഇനിയും വിജയം കണ്ടില്ല. ഓടയില്‍ മാലിന്യങ്ങള്‍ കുടുങ്ങി കിടക്കുന്നത് മാറ്റാന്‍ യു.എല്‍.സി.സിയുടെ ജീവനക്കാര്‍ ശ്രമം നടത്തിയിരുന്നു. സ്ലാബ് നീക്കം ചെയ്ത് മാലിന്യങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ അതിന് സമീപം മറ്റൊരു ബ്ലോക്ക് കണ്ടെത്തിയതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായത്. ഏതായാലും മിഠായിതെരുവിലെ നടപാതയിലേക്ക് മലിന ജലം ഒഴുകുന്ന അവസ്ഥക്ക് ഇപ്പോഴും പരിഹാരം ഉണ്ടായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം പരന്ന് ഒഴുകി സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും കാല്‍നടയാത്ര ദുസ്സഹമാവുകയാണ്.
കോര്‍പ്പറേഷനിലെ തൊഴിലാളികളെ ഉപയോഗിച്ച് ഡ്രൈയിനേജിലെ തടസം ഒഴിവാക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നു. നടക്കാതെ വന്നതോടെ നിര്‍മ്മാണം നടത്തിയ ഊരാളുങ്കലിന്റെ എന്‍ജിനിയര്‍മാരെ സമീപിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ വെള്ളം ഉപയോഗിച്ച് ഡ്രൈയിനേജിലെ ബ്ലോക്ക് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശക്തിയായി വെള്ളമടിച്ചിട്ടും ഡ്രൈയിനേജില്‍ രൂപപ്പെട്ട തടസം നീങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് സ്ലാബ് മാറ്റി ഓട വൃത്തിയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പലയിടത്തും ബ്ലോക്ക് കണ്ടതോടെ ജോലി മുന്നോട്ടുകൊണ്ടുപോകാന്‍ ഊരാളുങ്കലിന് സാധിക്കാതെ വന്നു. 200 മീറ്ററോളം ഓട വൃത്തിയാക്കാനുണ്ട്്.
ഡി.ടി.പി.സിയാണ് മിഠായിതെരുവ് നവീകരണം നടപ്പാക്കിയത്. യു.എല്‍.സി.സിയായിരുന്നു കരാര്‍ ഏറ്റെടുത്തത്. നാലുവര്‍ഷമായിരുന്നു കാലാവധി. കാലാവധി കഴിഞ്ഞതിനാല്‍ പ്രവൃത്തിയുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന നിലപാടിലാണ് യു.എല്‍.സി.സി. ഓട വൃത്തിയാക്കാന്‍ ഫണ്ടില്ലെന്നാണ് കോര്‍പറേഷന്റെ നിലപാട്. ഇതിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇന്നലെ വ്യാപാരികള്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.



