കാസർകോട്:കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കാസര്‍കോട് വിദ്യാനഗർ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ തുറമുഖം ,പുരാവസ്തു, പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് നാമമാത്ര പരേഡിനെ അഭിസംബോധന ചെയ്തു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന എ. ഡി .എം എ .കെ രമേന്ദ്രൻ എന്നിവർ സല്യൂട്ട് ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം പി , എം. എൽ .എ മാരായ എൻ. എ. നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ, എ.കെ.എം.അഷറഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.
മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷത്തില്‍ ലോക്കൽ പോലീസ്, വനിതാ പോലീസ്, സായുധ പോലീസ് എന്നിവയുടെ ഓരോ പ്ലാറ്റൂണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും കെ എവി നാലാം ബറ്റാലിയൻ ബാന്റ് വാദ്യ സംഘവും പങ്കെടുത്തു.ചന്തേര പോലീസ് ഇൻസ്പെക്ടർ നാരായണനായിരുന്നു പരേഡ് കമാന്റർ .
മാർച്ച് പാസ്റ്റ് കോവിഡ് സാഹചര്യത്തിൽ ഒഴിവാക്കിയിരുന്നു. കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയതിനാൽ
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല സാംസ്ക്കാരിക പരിപാടികളും പുരസ്ക്കാര വിതരണവും ഒഴിവാക്കി.
മെഡിക്കല്‍ സംഘത്തെ സ്റ്റേഡിയത്തില്‍ നിയോഗിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പൊലീസ് സംഘം സുരക്ഷ ഒരുക്കി എ എസ് പി പി ഹരിഛന്ദ്രനായിക് ഉൾ പ്പടെ ജില്ലയിലെ ഉന്നത പോലീസുദ്യോഗസ്ഥരും ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.





