കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചു. വെള്ളിമാട്കുന്നിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കേന്ദ്രത്തില്‍ ഉണ്ടായ കൊലപാതക കേസില്‍ ഉള്‍പ്പെട്ട കുട്ടികളെയാണ് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. ജില്ലയില്‍ യോഗ്യമായ കേന്ദ്രമില്ലെങ്കില്‍ സമീപജില്ലകളിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.
വെള്ളിമാട്കുന്ന് ജുവനൈല്‍ഹോമില്‍ രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ തര്‍ക്കത്തില്‍ ആറു വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് ആറു പേരെ ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. കുറ്റവാളികളായ അന്തേവാസികള്‍ക്കൊപ്പമാണ് ഇവരെ താമസിപ്പിച്ചിരുന്നത്. ചികിത്സ കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് 18 വയസ് പൂര്‍ത്തിയായി.ഇതോടെ വെള്ളിമാട്കുന്നില്‍ ഇവരെ താമസിപ്പിക്കാന്‍ ആവില്ലെന്ന് പറഞ്ഞ് അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.കുതിരവട്ടത്ത് സൗകര്യങ്ങള്‍ കുറവാണ്. വിവിധ കേസുകളില്‍പെട്ട മാനസികരോഗമുള്ള കുറ്റവാളികള്‍ക്കൊപ്പം ഫോറന്‍സിക് വാര്‍ഡിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്.
ശിശുക്ഷേമസമിതിയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടിരുന്നു. അങ്ങനെയാണ് ആറു കുട്ടികളെ മാറ്റാന്‍ തീരുമാനമായത്. തവനൂരിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ, അവിടെയും അന്തേവാസികള്‍ കൂടുതലാണെന്ന പ്രശ്‌നമുണ്ട്.



