കോഴിക്കോട്: വര്‍ഷങ്ങളുടെ മുറവിളിക്കുശേഷം യാഥാര്‍ത്ഥ്യമായ മാങ്കാവ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പ് ഏറ്റെടുക്കാന്‍ ആളില്ല. ടൗണ്‍ സ്റ്റേഷന് സമീപം നിര്‍മിച്ച ഷീ ലോഡ്ജിന്റെ കാര്യവും വ്യത്യസ്തമല്ല. അതിനാല്‍ രണ്ടു സ്ഥാപനങ്ങളുടെയും നടത്തിപ്പ് ലേലം ചെയ്ത് കൈമാറാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. നടത്തിപ്പ് ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്തിയില്ല.
ഷീ ലോഡ്ജിന് 10 ലക്ഷവും വനിതാ ഹോസ്റ്റലിന് അഞ്ചുലക്ഷവുമാണ് മുഖവില നിശ്ചയിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തേക്കാണ് ലേലം ചെയ്യുക. വനിതാ ഹോസ്റ്റലില്‍ ഡബിള്‍ റൂമിന് ഒരാള്‍ക്ക് 2000 രൂപയും നാലു പേര്‍ക്കുള്ളതിന് ഒരാള്‍ക്ക് 1500 രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ലേലം ചെയ്യുന്നതിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. അതോടെ നടപടികള്‍ വേഗത്തിലാകും. 2020 നവംബറിലാണ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്. 125 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിചേരാന്‍ കഴിയുന്ന സ്ഥലമാണ്.
മാങ്കാവ് വനിതാ ഹോസ്റ്റല്‍ ആദ്യവനിതാമേയര്‍ ഹൈമവതി തായാട്ടിന്റെ കാലത്ത് തുടങ്ങിയ പദ്ധതിയാണ്. 1997ല്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. തടസ്സങ്ങളെല്ലാം നീങ്ങി ഉദ്ഘാടനം നടന്നത് 2022 മാര്‍ച്ചിലാണ്. എന്നിട്ടും സ്ഥാപനത്തില്‍ ആര്‍ക്കും പ്രവേശനം നല്‍കാനായില്ല. രണ്ടു സ്ഥാപനങ്ങളുടെയും നടത്തിപ്പ് കുടുംബശ്രീക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ലേലത്തിന് നല്‍കാന്‍ ധാരണയായിരിക്കുകയാണ്.



