Saturday, December 13, 2025

മഴ മാറിനിന്നു; ചിരിയും കരച്ചിലുമായി പ്രവേശനോത്സവത്തില്‍ കുരുന്നുകള്‍

Must Read

കോഴിക്കോട്: കാലവര്‍ഷമേഘങ്ങള്‍ കൊമ്പുംകുളമ്പുമായി ആകാശത്ത് ഭീഷണി മുഴക്കിയെങ്കിലും പ്രവേശനോത്സവത്തിന്റെ സമയം മഴ മാറി നിന്നത് ആശ്വാസമായി. കൊവിഡ് മഹാമാരിയുടെ സാന്നിധ്യത്തില്‍ രണ്ടുവര്‍ഷക്കാലം സാമൂഹിക അകലം പാലിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവര്‍ കൂട്ടമായി വീണ്ടും ക്ലാസ്മുറികളില്‍ എത്തിയതോടെ ആഹ്ലാദത്തിന്റെ ആരവങ്ങള്‍ സ്‌കൂള്‍ അന്തരീക്ഷത്തെ വീണ്ടും മുഖരിതമാക്കി. പുത്തന്‍കുടകളും ബാഗും പുസ്തകങ്ങളുമെല്ലാമായാണ് കുട്ടികള്‍ എത്തിയത്.

കൊവിഡ് സുരക്ഷയുടെ ഭാഗമായി കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. കൈകള്‍ ശുചീകരിക്കാനുള്ള സംവിധാനവും വിദ്യാലയങ്ങളില്‍ ഒരുക്കുകയുണ്ടായി. പരസ്പരം കാണാതെയും മിണ്ടാതെയും കഴിഞ്ഞവര്‍ കൂട്ടുകാരെ കണ്ടപ്പോള്‍ എല്ലാം മറന്നു സംസാരത്തില്‍ മുഴുകി. തമാശയുടെയും ചിരിയുടെയും പളുങ്കുമണികള്‍ ക്ലാസ് അന്തരീക്ഷത്തില്‍ ചിതറി വീണു. അതേസമയം, ആദ്യമായി സ്‌കൂളില്‍ എത്തിയ ഒന്നാംക്ലാസുകാര്‍ക്ക് പരിഭ്രമം മാറിയിരുന്നില്ല. പലരും രക്ഷിതാക്കള്‍ക്കൊപ്പമാണ് വന്നത്. അധ്യാപകരുടെ കൈയില്‍ സുരക്ഷിതമാണെന്ന് അച്ഛനും അമ്മയും പറഞ്ഞെങ്കിലും ഇളം മനസ്സുകള്‍ക്ക് അത് വിശ്വാസമായില്ല. ഉറ്റവരെ പിരിഞ്ഞു നില്‍ക്കേണ്ടിവരുന്നതിന്റെ നൊമ്പരം കരച്ചിലായി ക്ലാസ്മുറികളില്‍ ഉയര്‍ന്നു. അധ്യാപകര്‍ കുട്ടിക്കുറുമ്പുകാരെ ആശ്വസിപ്പിച്ചും മിഠായി, ബലൂണ്‍ എന്നിവയിലൂടെ പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്തി.

കാസര്‍കോട് ജില്ലാതല പ്രവേശനോത്സവം നടന്ന ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നുള്ള രംഗങ്ങള്‍

ആഴ്ചവട്ടം സ്‌കൂളില്‍ ഒന്നാംക്ലാസില്‍ നിന്ന് ചിരിയേക്കാള്‍ ഉയര്‍ന്നു കേട്ടത് കരച്ചിലായിരുന്നു. മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും അധ്യാപകരും മുതിര്‍ന്ന കുട്ടികളും നവാഗതരെ പ്രോത്സാഹിപ്പിച്ചു.
ജില്ലയില്‍ 1270 പൊതുവിദ്യാലയങ്ങളാണ് ഉള്ളത്. ചില വിദ്യാലയങ്ങല്‍ കുട്ടികള്‍ കുറവാണ്. രണ്ടാഴ്ചക്കാലം വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനാണ് വിനിയോഗിക്കുക. അതിനുശേഷം മാത്രമെ പാഠഭാഗങ്ങള്‍ എടുത്തു തുടങ്ങുകയുള്ളു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. യൂണിഫോം വിതരണവും പാഠപുസ്തക വിതരണവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img