കാസര്‌കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ ഒരു കുരുന്നു ജീവന്‍ കൂടി പൊലിഞ്ഞു.കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ ശ്രീരാജാണ് (എട്ട്)മരിച്ചത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ശ്രീരാജ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലില്ല. 2017-ല്‍ മെഡിക്കല്‍ ക്യാമ്പില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.
വിഷമഴ സമ്മാനിച്ച ശ്രീരാജിന്റെ ജനിതക വൈകല്യ നൊമ്പരവുമായി മഴ അകത്തും പെയ്യുന്ന ഷീറ്റ് പാകിയ ഒറ്റമുറി ഷെഡിലാണ് കുടുംബം കഴിഞ്ഞുകൂടിയിരുന്നത്.നാലു സെന്റ് സ്വന്തമായുണ്ടെങ്കിലും പൊതുപദ്ധതികളൊന്നും തുണയായില്ല.
മറ്റൊരിടത്ത് ശ്യാമള ടീച്ചര്‍ വെച്ചു കൊടുത്ത കൊച്ചു വീടിന്റെ സന്തോഷങ്ങളിലേക്ക് പത്ത് ദിവസം മുമ്പാണ് ഇവര്‍ കയറിപ്പാര്‍ത്തത്.



