കോഴിക്കോട്: കനത്ത മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനം ദുരിതത്തില്‍. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൃഷികളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ കാര്‍ഷികരംഗത്തും വന്‍ നഷ്ടമാണുണ്ടായത്.
മലയോര മേഖലകളില്‍ ശക്തമായ കാറ്റില്‍ മരങ്ങളും മറ്റും കടപുഴകി നാശനഷ്ടങ്ങളേറെയുണ്ടായിട്ടുണ്ട്. ശക്തമായ കടല്‍ക്ഷോഭം മൂലം തീരദേശമേഖലയും ആശങ്കയിലാണ്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ കാരണം ചെറു വാഹനങ്ങളും യാത്രക്കാരും നന്നേ ബുദ്ധിമുട്ടുന്നുണ്ട്. യാത്രക്കാര്‍ മണിക്കൂറുകളാണ് കുരുക്കുകളില്‍ അകപ്പെടുന്നത്.
കനത്ത മഴയില്‍ ജില്ലയില്‍ 25ലേറെ വീടുകളാണ് തകര്‍ന്നത്. കൊയിലാണ്ടി താലൂക്കില്‍ മാത്രം 13-ലേറെ വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. വടകര, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മുകച്ചേരി ആവിക്കല്‍ റോഡ് തകര്‍ന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരദേശവാസികളെല്ലാം ആശങ്കയിലാണ്.
മഴയില്‍ നല്ലളം വെള്ളത്തും പാടത്ത് ഫൈസലിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ചെറുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകിവീണ് എടക്കയില്‍ പീടികയുള്ള പറമ്പില്‍ രാജന്റെ വീട് ഭാഗികമായി തകരുകയും പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന് കേടുപാട് സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ വീടിന്റെ സണ്‍ഷെയ്ഡും പില്ലറുകളും തകര്‍ന്നു.
ചങ്ങരോത്ത് പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. കീഴരിയൂര്‍ വില്ലേജിലെ കോണില്‍ മീത്തല്‍ കൃഷ്ണന്റെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടൂര്‍ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ മാതു കോളിയാട്ടുപൊയില്‍, ബിനീഷ് എന്നിവരുടെ വീടുകള്‍ക്കും നാശമുണ്ടായി. തിരുവമ്പാടിയിലും വീട് തകര്‍ന്നതായി റിപോര്‍ട്ടുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വടകര ഭാഗത്തെ ഗ്രാമീണ റോഡുകളില്‍ വെള്ളം കയറി യാത്ര ദുരിതമായി. നാരായണ നഗരം, മേപ്പയില്‍ ഓവുപാലം, കൊക്കഞ്ഞാത്ത് പുതുപ്പണം ഭാഗം, നാദാപുരം റോഡ് കള്ള് ഷാപ്പ് റെയില്‍വേ കട്ടിങ് റോഡ്, എന്‍ സി കനാല്‍ ഭാഗം തുടങ്ങി നിരവധി ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മൂരാട് പാലത്തിനടുത്ത് മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് ഭീഷണിയുണ്ട്. ഗസല്‍ വീട്ടില്‍ പി കെ അഹമ്മദ്, മിഷ്യന്‍ പറമ്പത്ത് നിയാസ്, പള്ളിപ്പറമ്പത്ത് ലക്ഷ്മി, മിഷ്യന്‍ പറമ്പത്ത് മജീദ് എന്നിവരുടെ വീടിനാണ് മണ്ണിടിച്ചില്‍ ഭീഷണിയായത്. നടക്കുതാഴ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു. പാലംപണിയുടെ പൈലിങ്ങാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂളിമാട്, ചെറുവാടി, കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, താമരശ്ശേരി, പൂനൂര്, നാദാപുരം, കുറ്റ്യാടി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായ മഴക്കെടുതികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.



