കോഴിക്കോട്: നഗരത്തില്‍ നടപ്പാക്കുന്ന നിര്‍ദിഷ്ട മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ അധികാരികള്‍ ത്രിശങ്കു സ്വര്‍ഗത്തില്‍. പദ്ധതി അനിവാര്യമാണെന്ന് പറയുമ്പോഴും അതിന്റെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോര്‍പറേഷന് സാധിക്കാതെ പോവുകയാണ്. തുടക്കം മുതല്‍ ഈ പ്രശ്‌നം കോര്‍പറേഷനെ അലട്ടുന്നുണ്ട്. കോതിയിലും ആവിക്കല്‍തോടിലുമാണ് പദ്ധതി വരുന്നത്. ഇവിടെയാകട്ടെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളുമാണ്. ജനുവരി 30ന് ആവിക്കല്‍തോടില്‍ മണ്ണ് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തടയുകയായിരുന്നു. തീരപ്രപദേശങ്ങളില്‍ മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് സംസ്‌കരിച്ചെടുക്കുന്ന വിപുലമായ പദ്ധതിയാണിത്. സംഭരണത്തിനും സംസ്‌കരണത്തിനുമായാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ നാട്ടുകാരുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് പ്രശ്‌നം.
ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്ന സംഭവം വരെ ഇതിന്റെ ഭാഗമായി നടന്നു. കൗണ്‍സില്‍ യോഗത്തിലും വിഷയം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
ആവിക്കല്‍തോടില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കുകയാണുണ്ടായത്. ജനങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, പരമാവധി ജനങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. സി.പി.എം അനുഭാവികളെയും പ്രവര്‍ത്തകരെയും മാത്രം അണിനിരത്തി പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുനീക്കാനുള്ള കോര്‍പറേഷന്‍ ഭരണവിഭാഗത്തിന്റെ ശ്രമം വിഫലമാവുകയാണുണ്ടായത്. അമൃത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവൃത്തി 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. പൂര്‍ത്തിയായില്ലെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ തുടങ്ങുകയെങ്കിലും വേണം. അതിനും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ നേരിട്ട് പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന ചോദ്യമാണ് കോര്‍പറേഷന്‍ നേരിടുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ തയാറാക്കിയതുമുതല്‍ വിവാദം കൂടെയുണ്ട്. ഇത്തരം ജോലികള്‍ ഏറ്റെടുത്ത് പരിചയമില്ലാത്ത കമ്പനിയെ ഡി.പി.ആര്‍ തയാറാക്കാന്‍ ഏല്‍പിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു.



