കോഴിക്കോട്: അമൃത്പദ്ധതിയുടെ ഭാഗമായി കോതിയിലും ആവിക്കല്‍തോടിലും സ്ഥാപിക്കുന്ന മലിനജല പ്ലാന്റിന്റെ പേരില്‍ കോര്‍പറേഷനില്‍ ഇരുമുന്നണികളും തുറന്ന പോരിന് ഒരുങ്ങുന്നു. ജനുവരി 30ന് ആവിക്കല്‍തോടില്‍ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധന നടത്തിയത് നാട്ടുകാര്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ സംജാതമായിരുന്നു. നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് രംഗത്തിറങ്ങിയിരുന്നു. സമരം ശക്തമായപ്പോള്‍ കോര്‍പറേഷന്‍ ചര്‍ച്ചക്ക് തയാറാവുകയായിരുന്നു. ഒരാഴ്ചത്തേക്ക് മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള ജോലികള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഇതുവരെ പ്രവൃത്തി തുടങ്ങിയിട്ടില്ല. നാട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പ്രവൃത്തി തുടങ്ങുമെന്നാണ് മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കാര്യക്ഷമമായി ഒന്നും നടത്താനായില്ല. അതിനിടെ ഇന്നലെ കോര്‍പറേഷന്‍ ഓഫീസില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ സൗഫിയ അനീഷിനെ അസഭ്യം പറഞ്ഞതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടതുമുന്നണി കൗണ്‍സിലര്‍ ഷമീനയാണ് സൗഫിയക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് സൗഫിയ അനീഷ് മേയര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെ ഷമീന യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അവഹേളിച്ചു എന്ന പരാതിയുമായി രംഗത്തെത്തുകയുണ്ടായി. ഇരുമുന്നണി പ്രവര്‍ത്തകരും പ്രതിഷേധജാഥ സംഘടിപ്പിക്കുകയും ചെയ്തു.
അതേസമയം, പദ്ധതിക്കെതിരെ കോതിയിലും ആവിക്കല്‍തോടിലും നാട്ടുകാര്‍ സംഘടിതരായി രംഗത്തുണ്ട്. സമരസമിതി സജീവമാണ്. ബി.ജെ.പി പദ്ധതിക്ക് അനുകൂലമായി വന്നത് ഭരണമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതി എന്ന നിലയില്‍ ഇത് നടപ്പാക്കണമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. യു.ഡി.എഫ് സമരമുഖത്ത് സജീവമായി നില്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മലിനജല സംസ്‌കരണ പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കുന്നു. എന്നാല്‍ ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥാപിക്കരുത് എന്നാണ് ആവശ്യം.
എല്‍.ഡി.എഫും കോര്‍പറേഷന്‍ ഭരണാധികാരികളും പ്രതീക്ഷയില്‍ തന്നെയാണ്. ജനങ്ങളുടെ മനസ്സ് തങ്ങള്‍ക്കനുകൂലമായി മാറുമെന്ന് തന്നെയാണ് അവര്‍ കരുതുന്നത്. ബോധവല്‍ക്കരണ പരിപാടികള്‍ സമയമെടുത്ത് നടപ്പാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. അതേസമയം, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടുവെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. വരുംനാളുകളില്‍ ഇതിന്റെ പേരില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളൂവെന്നെ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ തുടക്കത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് അവര്‍ സമ്മതിക്കുകയും ചെയ്യുന്നു.



