സൂപ്പി വാണിമേൽ
കാസര്‍കോട്: മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി. ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കി. പതാക ഉയര്‍ത്തി സല്യൂട്ട് നല്‍കിയ ശേഷമാണ് അബദ്ധം മനസ്സിലായത്. മുന്‍നിരയിൽ ഇരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു,എ.കെ.എം.അഷ്‌റഫ് എന്നിവരുടെ ശ്രദ്ധയിലും അബദ്ധം പതിഞ്ഞില്ല.


മാധ്യമപ്രവര്‍ത്തകര്‍ വിവരം നല്‍കിയതനുസരിച്ച് മന്ത്രി പതാക ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
പതാക ഉയര്‍ത്തലിന് രണ്ടു മിനിറ്റ് മുമ്പ് മാത്രമേ മന്ത്രിയെ ഫ്‌ലാഗ് പോസ്റ്റിന് അടുത്ത് എത്തിക്കാറുള്ളൂ എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍’തത്സമയ’ത്തോട് പറഞ്ഞു.ഉദ്യോഗസ്ഥര്‍ ഒരുക്കിയത് ഉയര്‍ത്തുക മാത്രമാണ് കാസര്‍കോട്ട് ചെയ്തത്.ഏതായാലും വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ല കളക്ടര്‍ അവധിയിലാണ്.എ.ഡി.എമ്മിനാണ്
ചുമതല.ജില്ല പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് പതാക ഉയര്‍ത്തല്‍ സജ്ജീകരണങ്ങള്‍ നടന്നത്.



