മണ്ണാര്‍ക്കാട്: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളില്‍ ഒരാള്‍ കൂടി കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി. കേസിലെ 36 ാം സാക്ഷി അബ്ദുള്‍ ലത്തീഫാണ് ഇന്ന് കൂറുമാറിയത്. മധുവിനെ ആക്രമിക്കുന്നതു കണ്ടുവെന്ന് പോലീസിന് മൊഴി നല്‍കിയ അബ്ദുള്‍ ലത്തീഫ് കോടതിയില്‍ മാറ്റിപ്പറഞ്ഞു. സംഭവ സമയം താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ മണ്ണാര്‍ക്കാട് എസ്ടി, എസ്ടി പ്രത്യേക കോടതിയില്‍ വിസ്താരത്തിനിടെ നിലപാടെടുത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കാണിച്ചപ്പോള്‍ താനല്ലതെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. പിന്നാലെ മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളും അബ്ദുള്‍ ലത്തീഫിന്റെ തിരിച്ചറിയല്‍ രേഖകളിലെ ചിത്രങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കു അയക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 29ാം സാക്ഷി സുനില്‍കുമാറിന്റെ കണ്ണ് പരിശോധിച്ച ഡോക്ടറെ ശനിയാഴ്ച വിസ്തരിക്കാനും കോടതി തീരുമാനിച്ചു.



