കോഴിക്കോട്: വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി മധുരത്തിന്റെ ആഘോഷം കൂടിയാണ്. വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ നിരത്തി ബേക്കറികള്‍ ആഹ്ലാദാവസരത്തിന് മാറ്റുകൂട്ടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഇവിടെ കഴിയുന്നവരും നാട്ടുകാരും ദീപാവലി ആഘോഷത്തിന്റെ പൊലിമ പങ്കുവെക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ നിന്ന് എത്തിയവരും മറ്റ് ഉത്തരേന്ത്യന്‍ സമൂഹങ്ങളും തങ്ങളുടേതായ മധുര പലഹാരങ്ങള്‍ ഒരുക്കിയാണ് ദീപാവലി ആഘോഷത്തിന് മാറ്റു കൂട്ടുന്നത്. രംഗോലി ഒരുക്കിയും മറ്റുമാണ് ഗുജറാത്തി സമൂഹത്തിന്റെ ആഘോഷം. 24നാണ് ദീപാവലി. ഇന്നും നാളെയും ദീപങ്ങള്‍ തെളിയിച്ച് പ്രാര്‍ത്ഥന ഉണ്ടാവും. ദീപാവലി കഴിഞ്ഞാല്‍ പിറ്റേദിവസം ഗുജറാത്തി സമൂഹത്തിന് പുതുവത്സരമാണ്. അതും ദീപാവലി അവിസ്മരണീയമാക്കാന്‍ ഒരു കാരണമാണ്.
ബേക്കറികളില്‍ ദീപാവലി മധുരത്തിന്റെ നാളുകളാണ് ഇനി. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പലഹാരങ്ങളെല്ലാം ഇവിടെയുണ്ട്. ജിലേബി, ഹല്‍വ, മൈസൂര്‍പാക്ക്, ലഡു എന്നിവ അടങ്ങിയ പെട്ടികള്‍ ലഭ്യമാണ്. ഒരു കിലോവിന് 400 രൂപയാണ് വില. നഗരത്തിലും നാട്ടിന്‍പുറങ്ങളിലും മധുരവിപണി സജീവമാണ്. ഏതാനും ദിവസം ബേക്കറികളില്‍ നല്ല തിരക്കാവും.



