പാലക്കാട്: മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ സിപിഎം പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. പ്രതികള്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ വീതം നല്‍കണം. കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന്‍ നുറുദ്ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഭാരവാഹികളുമാണ് പ്രതികള്‍. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെയാണ് ജില്ലാ ജഡ്ജി ടി എച്ച് രജിത ശിക്ഷിച്ചത്. സിദ്ദിഖാണ് ഒന്നാം പ്രതി. പാലക്കാപറമ്ബില്‍ അബ്ദുല്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം റാഷിദ് (ബാപ്പൂട്ടി), ഇസ്മായില്‍ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്‍, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കേസില്‍ ആകെ 27 പ്രതികളാണുണ്ടായിരുന്നത്. നാലാം പ്രതി ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു പ്രതിയ്ക്കു കുറ്റം കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ തുടരുകയാണ്.
2013 നവംബര്‍ 21നാണ് ഇരട്ടക്കൊല നടന്നത്. പ്രദേശിക രാഷ്ട്രീയ തര്‍ക്കവും പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണെന്ന് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് കോടതിയും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന് നിലപാട് അറിയിക്കാന്‍ കോടതി മാറ്റി വയ്ക്കുകയായിരുന്നു. വിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ കുടുംബവും പ്രതികരിച്ചു.



