മംഗളൂരു: കഴിഞ്ഞ മാസം 28ന് മംഗളൂരു നഗരത്തില്‍ യെമ്മക്കരെ മൈതാനത്തിനടുത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.യെമ്മക്കരെയിലെ മഹേന്ദ്ര ഷെട്ടി (27),സുഷിത്(20), വിഷ്ണു (20),ബോലാറിലെ അക്ഷയ് കുമാര്‍ (25), ശുബാം (26),മോര്‍ഗന്‍സ് ഗേറ്റിലെ ദിലേഷ് ബങ്കെര(21) എന്നിവരാണ് അറസ്റ്റിലായത്.രാഹുല്‍ എന്ന കക്കെ രാഹുല്‍ (27) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
കൊല നടന്ന മൈതാനിയില്‍ 2016ല്‍ സംഘടിപ്പിച്ച കബഡി മത്സരവുമായി ബന്ധപ്പെട്ട് മഹേന്ദ്രയും രാഹുലും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.2019ല്‍ രാഹുല്‍ മഹേന്ദ്രയെ അക്രമിച്ചു.2020ല്‍ കാര്‍ത്തിക് ഷെട്ടി അക്രമത്തിനിരയായി.കുടിപ്പകയോടെ പ്രതികള്‍ അവസരം കാത്തു കഴിയുകയായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു.ഗള്‍ഫില്‍ മെക്കാനിക്കായ മഹേന്ദ്ര ഈയിടെയാണ് നാട്ടില്‍ വന്നത്.എയര്‍കണ്ടീഷന്‍ മെക്കാനിക്കായ അക്ഷയ് അബുദാബിയിലായിരുന്നു.സുഷിത് മംഗളൂറുവിലെ സ്വകാര്യ കോളജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികളില്‍ നിന്ന് 10കത്തികള്‍, രണ്ടു ഇരുചക്ര വാഹനം, അഞ്ചു മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.



