കാഞ്ചിപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.യാത്രയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ പുഷ്പാര്‍ച്ചന നടത്തി.ഇന്നലെ രാത്രി ചെന്നൈയിലെത്തിയ രാഹുല്‍ ഗാന്ധി ഇന്നു രാവിലെ 6.15 ഓടെ ശ്രീപെരുംപത്തൂരില്‍ എത്തി. രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ച നടത്തി.
സ്മൃതി മണ്ഡല വളപ്പില്‍ ആല്‍മരത്തൈ നട്ടു. സംഗീതജ്ഞ വീണ ഗായത്രിയുടെ സംഗീതാഞ്ജലിയിലും പങ്കെടുത്തു. സ്മാരകത്തിലെ ജീവനക്കാരുമായും രാജീവ് ഗാന്ധിക്കൊപ്പം സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി.
ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം ഭാരത് ജോഡോ യാത്രയ്ക്കായി കന്യാകുമാരിയിലേക്ക് തിരിക്കും. തമിഴ്നാട്ടില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള രാഹുല്‍ ഗാന്ധി ഇതാദ്യമായാണ് രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ എത്തുന്നത്.



