കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവിഭാഗവും ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ഇന്നലെയും ഇന്നുമായി നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും മത്സ്യവും കണ്ടെത്തി. 20ഓളം സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചു. കേടാവുന്ന സാഹചര്യത്തില്‍ സൂക്ഷിച്ച 60കിലോ ഇറച്ചിയും 30 കിലോ മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. പാലാഴി, രാമനാട്ടുകര, മെഡിക്കല്‍കോളജ് എന്നിവിടങ്ങളിലായി 44 സ്ഥാപനങ്ങളില്‍ ഇന്നലെ പരിശോധന നടന്നിരുന്നു. ഫറോക്കിലെ ഒരു സ്ഥാപനത്തില്‍നിന്നാണ് മാംസം പിടിച്ചെടുത്തത്. കല്ലാച്ചിയിലെ ഷവര്‍മ സ്റ്റാളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുകിലോ കേടായ ഷവര്‍മ പിടിച്ചെടുത്തു. രാമനാട്ടുകര മത്സ്യമാര്‍ക്കറ്റില്‍ നിന്ന് അഞ്ചുകിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടലുകളില്‍ നിന്ന് പാചകത്തിന് ഉപയോഗിക്കുന്ന ഓയില്‍ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു.
കോര്‍പറേഷനില്‍ ആരോഗ്യവിഭാഗം പരിശോധനക്കൊപ്പം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ഫാറൂഖിന്റെ നേതൃത്വത്തില്‍ ഒരു ടീമും അഡീഷണല്‍ ഡി.എം.ഒ ഡോ. എം. പിയൂഷിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ടീമുമാണ് പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്നത്.
ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കൂടി പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് വൃത്തിയുള്ള നിലയിലാവണമെന്ന് അധികൃതര്‍ കടക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും പരിശോധന നടക്കുന്നുണ്ട്. ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെങ്കിലും അതിനൊപ്പം നില്‍ക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് സാധിക്കാത്ത അവസ്ഥയുണ്ട്. ജീവനക്കാരുടെ കുറവ് തന്നെയാണ് പ്രശ്‌നമായി ചൂണ്ടികാണിക്കുന്നത്.അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയടക്കം പല ജില്ലകളിലും ഒഴിഞ്ഞുകിടക്കുകയാണ്.



