തിരുവനന്തപുരം: നേമത്ത് വീടിന്റെ ടെറസില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ മരുമകന്‍ പിടിയിലായ സംഭവത്തില്‍ ബി.ജെ.പി ജില്ലാ നേതാവ് രാജിവെച്ചു. പിടിയിലായ രഞ്ജിത്തിന്റെ ഭാര്യ പിതാവ് സന്തോഷ് ആണ് പട്ടികജാതി മോര്‍ച്ച ജില്ല പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ‘വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നിയന്ത്രിക്കാന്‍ യോഗ്യനല്ലെന്ന്’ ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷമാണ് പാര്‍ട്ടി പദവി രാജിവെച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി സന്തോഷ് മത്സരിച്ചിരുന്നു.
സന്തോഷിന്റെ വീടിന്റെ ടെറസിലാണ് മരുമകനായ വിളപ്പില്‍ശാല സ്റ്റേഷന്‍ പരിധിയില്‍ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തില്‍ ഉണ്ണി എന്ന രഞ്ജിത്ത് കഞ്ചാവുചെടി നട്ടുവളര്‍ത്തിയത്. രഹസ്യവിവരത്തിന്റൈ അടിസ്ഥാനത്തിലാണ് നൂലിയോടുള്ള വീട്ടില്‍ പൊലീസും ഷാഡോ ടീമും സംയുക്തമായി പരിശോധന നടത്തിയത്. ടെറസില്‍ നട്ടുപിടിപ്പിച്ചിരുന്ന 18 കഞ്ചാവുചെടികളാണ് പിടിച്ചെടുത്തത്.
ഒന്നര മാസം മുമ്പ് ഒരു സുഹൃത്ത് മുഖേനയാണ് കഞ്ചാവ് ചെടികള്‍ എത്തിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ വിളപ്പില്‍ശാല സ്റ്റേഷന്‍ പരിധിയില്‍ മുമ്പ് അടിപിടി കേസ് ഉണ്ടായിരുന്നു. വിളപ്പില്‍ശാല സി.ഐ എന്‍ സുരേഷ് കുമാറും സംഘവും ഷാഡോ ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.



