തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്.
കേസ് രാഷ്ട്രിയ പ്രേരിതം മാത്രമാണ് നിയമപരമായി നിലനില്‍ക്കുകയില്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇടതു നേതാക്കളെ സഹായിക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ നല്‍കിയ സഹായമാണ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പരാതിക്കാരന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയത്.
2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്.മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു,ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ,ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികള്‍.
കേസിലെ പരാതിക്കാരന്‍ ബിജെപി ഭാരവാഹിയും, പ്രതികള്‍ ഡി.വൈ.എഫ്.ഐ അംഗങ്ങളുമാണ്. പൊതുസ്ഥലത്ത് അരങ്ങേറിയ ഈ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികള്‍ ആരുമില്ല എഫ്ഐആറില്‍ ഒരു പ്രതിയെ കുറിച്ചും പ്രത്യേകം പറയുന്നില്ല. പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഏഴു പ്രതികള്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നാലു പ്രതികള്‍ മാത്രമാണുള്ളത്. സംഭവം സ്ഥലത്തെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് തെളിവ് നിയമത്തിലെ 65 (ബി) സര്‍ട്ടിഫിക്കറ്റ് ഇല്ലാ എന്നീ കാരണങ്ങളാണ് കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്ന കാരണങ്ങള്‍.എന്നാല്‍ കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ടെന്നും.ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതി!ര്‍ഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്. ബി.ജെ.പി.മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും,ഓഫിസ് ചില്ലുകളും എറിഞ്ഞ് തകര്‍ത്തതായും. സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയുവാന്‍ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ക്ക് പോലീസ് അന്ന് പാരിതോഷികം നല്‍കിയിരുന്നു.



