Tuesday, January 20, 2026

ബഫര്‍സോണും ജനവാസമേഖലയും പിഴയ്ക്കുന്ന കണക്കുകള്‍

Must Read

അസ് ലം കോപ്പിലാന്‍

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ ആയി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉപായങ്ങള്‍ എവിടെയും എത്തിയിട്ടില്ല. നിയമം കര്‍ശനമാക്കിയാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും കൃഷി ചെയ്ത് ഉപജീവനം കഴിക്കുന്നവരും പ്രതിസന്ധിയിലാവും. വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടും ഈ പ്രശ്നം നിലനില്‍ക്കുകയാണ്. തലമുറകളായി താമസിക്കുന്ന കുടിയിരിപ്പുകളും കൃഷിഭൂമിയും ഇട്ടെറിഞ്ഞ് എവിടെ പോകും എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.

ആദിവാസികളും ഗോത്രവിഭാഗക്കാരും അടക്കമുള്ള പിന്നോക്കക്കാരാണ് ഏറ്റവും കൂടുതല്‍ വലയാന്‍ പോകുന്നത്. കേരളത്തിലെ വിനോദസഞ്ചാരമേഖലയായ മൂന്നാര്‍, കുമിളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ആശങ്കയിലാണ്. വീടും ഭൂമിയും ഉപേക്ഷിച്ചുപോകുന്നവര്‍ക്ക് നഷ്ടപരിഹാരം എത്രത്തോളം ലഭിക്കും എന്ന ചോദ്യവും ഉയരുന്നു. നഷ്ടപരിഹാരം വാങ്ങി ഇവര്‍ എവിടേക്ക് പോകും എന്ന ചോദ്യത്തിനും മറുപടിയില്ല. മറ്റു സംസ്ഥാനങ്ങളേക്കാള്‍ നിരവധി പ്രത്യേകതകള്‍ ഉണ്ട് കേരളത്തിന്. ഒരു ചെറിയ സംസ്ഥാനമാണ് എന്നതു തന്നെ ആദ്യത്തെ പരിമിതി. സുപ്രീംകോടതി നിര്‍ദേശിക്കുന്നതുപോലെ വനമേഖലയെ തരംതിരിക്കാന്‍ ഇവിടെ ഭൂമിയില്ല. ഇക്കാര്യങ്ങളെല്ലാം യഥാസമയം സുപ്രീംകോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവോ എന്ന ചോദ്യം ഉയരുകയാണ്. ഇപ്പോള്‍ പുന:പരിശോധനാ ഹരജി നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ സാധ്യത എത്രത്തോളം എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം എങ്ങനെയാണ് കേരളത്തിന് നടപ്പാക്കാന്‍ ആവുക? വളരെ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ വിഷയം സുപ്രീംകോടതിയെ ബോധിപ്പിക്കുക എന്ന വഴ മാത്രമാണ് മുന്നിലുളളത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പഠനം എവിടെയും എത്തിയിട്ടില്ല. സാമ്പത്തിക കാര്യവകുപ്പിന് കീഴിലുള്ള എണ്‍വയോണ്‍മെന്റ് സെന്റര്‍ ആണ് പഠനം നടത്തുന്നത്. ബഫര്‍സോണ്‍ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് വന്നതിനുശേഷമാണ് പഠനത്തിന് ഒരുങ്ങിയത്. ചുരുക്കത്തില്‍ വനംവകുപ്പിന് ഇക്കാര്യത്തില്‍ വലിയ താല്‍പര്യമോ അവഗാഹമോ ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. ഇത്തരം സാങ്കേതിക വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷ്മമായ പഠനവും ആലോചനയും വേണം. മന്ത്രി എ.കെ ശശീന്ദ്രനെയും വകുപ്പിനെയും മാത്രം ഉത്തരവാദിത്തം ഏല്‍പിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ഉദ്യോഗസ്ഥന്മാര്‍ക്കും വിഷയം താഴെതട്ടില്‍ നിന്ന് മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.

വനാതിര്‍ത്തിയിലെ കര്‍ഷകരുടെയും മറ്റും ജീവിതം ഏറെ ക്ലേശങ്ങള്‍ നിറഞ്ഞതാണ്. വന്യജീവികളുടെ ആക്രമണം കാരണം കൃഷി നഷ്ടപ്പെടുന്നതും പലപ്പോഴും ജീവന് തന്നെ ഭീഷണിയുണ്ടാകുന്നതും പതിവാണ്. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പോലും പരിഗണിക്കപ്പെടുന്നില്ല. കാട്ടുപന്നികളെ വെടിവെക്കാന്‍ കര്‍ഷകന് അനുമതി നല്‍കുന്ന ഉത്തരവ് വന്നെങ്കിലും പ്രായോഗിക തലത്തില്‍ എത്തിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നാണ് പറയുന്നത്. എന്നാല്‍ എല്ലാ കര്‍ഷകര്‍ക്കും തോക്ക് ഉണ്ടാവില്ല. അതിനുള്ള വൈദഗ്ധ്യവും ഉണ്ടാവണമെന്നില്ല. ഈ വിധത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെയാണ് പരിസ്ഥിതി ലോലമേഖലയുടെ ഭാഗമായുള്ള പുതിയ നിയന്ത്രണം പേടിപ്പെടുത്തുന്നത്. ഇത് നടപ്പായാല്‍ പലര്‍ക്കും സ്വന്തം വീട്ടിലേക്കും കൃഷിയിടത്തിലേക്കുമുള്ള വഴി തന്നെ ഇല്ലാതാകും.

ജനവാസമേഖലയെ എങ്ങനെ നിര്‍വചിക്കും എന്നതും കേരളത്തെ സംബന്ധിച്ച് പ്രശ്നമാണ്. ഇത് സംബന്ധിച്ച് കൃത്യമായ ഒരു നിര്‍വചനം സംസ്ഥാനത്തിനില്ല എന്നതാണ് വിഷയം. ബഫര്‍സോണ്‍ ജനവാസമേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന് പറയുമ്പോഴും ജനവാസമേഖലയെ നിര്‍വചിക്കാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇത് ഗുരുതരമായ ഭവിഷ്യത്തായി മാറാന്‍ സാധ്യതയുണ്ട്. ജനവാസമേഖലയെ എന്തടിസ്ഥാനത്തിലാണ് കണക്കാക്കുന്നത് എന്ന ചോദ്യം വന്നാല്‍ കാര്യങ്ങള്‍ കുഴയും. വനംമേഖലക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസമേഖലയടക്കം ഉള്‍പ്പെടുത്തി ബഫര്‍സോണ്‍ ആക്കാന്‍ 2019ല്‍ എടുത്ത തീരുമാനവും തിരിഞ്ഞു കുത്തുന്ന അവസ്ഥയുണ്ട്. അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാതെ പുന:പരിശോധനാ ഹര്‍ജി നല്‍കിയതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുകയാണ്. പരിസ്ഥിതിയെയും വനമേഖലയെയും സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ് കേന്ദ്രവനംവകുപ്പും കേന്ദ്ര ഉന്നതാധികാരസമിതിയും മുന്നോട്ടുവെക്കുന്നത്.

പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിച്ചുനിര്‍ത്തുക എന്നത് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടികാണിക്കുന്നു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലുള്ള നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് ആവശ്യമാണെന്ന് പ്രകൃതിദുരന്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ജനങ്ങളുടെ അധിവാസം നിരാകരിക്കാനും പാടില്ല. ഇത്തരത്തിലുള്ള സന്ദിഗ്ധ ഘട്ടത്തില്‍ സുപ്രീംകോടതിയുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img