സൂപ്പി വാണിമേല്‍
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ജൂലൈ 26ന് ഭാരതീയ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടറു(32) കൊല്ലപ്പെട്ട സംഭവം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ). ദക്ഷിണ കന്നട, കുടക്,മൈസൂറു ജില്ലകളിലെ 33 കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ഏജന്‍സി അവകാശപ്പെട്ടു.ഡിജിറ്റല്‍ ഡിവൈസുകള്‍,ഉപയോഗിച്ച വെടിമരുന്ന്, മികച്ച ആയുധങ്ങള്‍, പണം, കുറ്റം ചുമത്താവുന്ന രേഖകള്‍, ലഘുലേഖകള്‍, സാഹിത്യങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് റണ്‍ ജീവിക്കുന്ന കാസര്‍കോട് സ്വദേശി മസൂദ് (18) കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രവീണിനെ അദ്ദേഹം തന്റെ കോഴിക്കട അടക്കുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊന്നത്.ജൂലെ 28ന് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് ഫാസില്‍ (23) വെട്ടേറ്റ് മരിച്ചിരുന്നു.പ്രവീണ്‍ വധം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് എന്‍.ഐ.എയുടെ നിരീക്ഷണം.
മസൂദ്, ഫാസില്‍ കൊലക്കേസുകള്‍ കര്‍ണാടക പൊലീസാണ് അന്വേഷിക്കുന്നത്.പ്രവീണ്‍ വധക്കേസ് അന്വേഷണം കഴിഞ്ഞ മാസം നാലിന് സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറിയിരുന്നു.



