കോഴിക്കോട്: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതോടെ മോദി അധികാരം വിട്ടൊഴിയേണ്ടിവരുമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പ്രവാചകനിന്ദയിലും അഗ്‌നിപഥിലും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് ജി.എസ്.ടി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികകാലം ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാനാവില്ല. പ്രവാചകനിന്ദയിലൂടെ ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ നിലവാരം തകര്‍ന്നു. ഇന്ത്യ വംശവെറിയിലേക്ക് പോവുകയാണെന്ന സന്ദേശമാണ് എങ്ങും പരക്കുന്നത്. വിലക്കയറ്റവും ആഭ്യന്തര പ്രശ്നങ്ങളും കാരണം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്.
പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അഗ്‌നിപഥ് സൈനികസേവനം സ്വപ്നം കാണുന്ന യുവാക്കളെ വഞ്ചിക്കുന്ന നടപടിയാണ്. സൈന്യത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ ജോലി നല്‍കുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന സൈനികരെ അപമാനിക്കലാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറ പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, സി.കെ സുബൈര്‍ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷര്‍ പി. ഇസ്മായില്‍ സ്വാഗതവും സെക്രട്ടറി ടി.പി.എം ജിഷാന്‍ നന്ദിയും പറഞ്ഞു. മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കുറ്റൂര്‍, സി.കെ ആരിഫ്, പി.സി നസീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, യൂസുഫ് ഉളുവാര്‍, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍ നേതൃത്വം നല്‍കി.



