കാസര്‍കോട് : മയക്കുമരുന്ന് കേസില്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആലമ്പാടി അക്കരപള്ളം അമീറലി (23)യെയാണ് ഡിവൈ.എസ്. പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തത്.
യുവാവിനെതിരെ കാസര്‍കോട് പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ മാത്രം വധശ്രമം, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകല്‍, മോഷണം,പിടിച്ചുപറി, മയക്കു മരുന്ന് കടത്ത് അടക്കം 15 കേസുകള്‍ ഉണ്ട്. പ്രത്യേക സംഘത്തില്‍ കാസര്‍കോട് എസ്.ഐ മധുസൂദനന്‍, പോലീസുകാരായ ഗോകുല. ഷജീഷ്, ഹരീഷ് എന്നിവര്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം 23ന് രാവിലെയാണ് അമീറലി വിദ്യാനഗറില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വിദ്യാനഗര്‍ ബി.സി റോഡില്‍ നിന്നാണ് കടന്നുകളഞ്ഞത്. കണ്ണൂര്‍ ജില്ലാ സായുധസേനയിലെ മൂന്ന് പൊലീസുകാരായിരുന്നു അകമ്പടി.ഇവരെ സസ്‌പെന്റ് ചെയ്തിരുന്നു.



