Tuesday, January 20, 2026

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

Must Read

സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരം
ഓഫീസുകള്‍ പൂട്ടി സീല്‍വെയ്ക്കാന്‍ നിര്‍ദേശം
സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടുകെട്ടും
കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ചു. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്ത് ഭീകരപ്രവര്‍ത്തന നിരോധന നിയമപ്രകാരം(യു.എ.പി.എ) ഈ സംഘടനകളുടെ പ്രവര്‍ത്തനം 5 വര്‍ഷത്തേക്ക് നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. നിരോധിക്കപ്പെട്ട സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും.
പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്കാണു നിരോധനം.
ഐ.എസ്.ഐ.എസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി പി.എഫ്.ഐക്ക് ബന്ധമുണ്ടെന്നും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പി.എഫ്.ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രാജ്യത്തിന്റെ സമാധാനം തകര്‍ക്കും വിധം അക്രമ സംഭവങ്ങള്‍ നടത്തിയതും നിരവധി പേരെ കൊലപ്പെടുത്തിയതും പി.എഫ്.ഐ ബന്ധമുള്ളവരാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രാജ്യമാകെ നിരന്തരം ആക്രമണങ്ങളില്‍ ഭാഗമാകുന്നതായി വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ കോളജ് പ്രഫസറുടെ കൈവെട്ടിയ കേസ്, പ്രമുഖ വ്യക്തികളെയും പ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങള്‍, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയവയും നിരോധനത്തിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധനസമാഹരണം നടത്തിയതായും ഉത്തരവില്‍ പറയുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലും ദേശവിരുദ്ധ വികാരം വളര്‍ത്തുന്നതിനാലും പി.എഫ്.ഐയെ നിരോധിക്കേണ്ട ആവശ്യങ്ങള്‍ ചില സംസ്ഥാനങ്ങള്‍ ഉന്നയിച്ചതിനാലുമാണ് നിരോധനമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കല്‍, ആയുധ പരിശീലനമടക്കമുള്ള പരിപാടികള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് നിലവില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമം അരങ്ങേറിയിരുന്നു.
അതേസമയം, പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടര്‍ നടപടിക്ക് കേന്ദ്ര നിര്‍ദേശം. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കും. ആസ്തികള്‍ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി്.
നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിര്‍ദേശം നല്‍കിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടുകെട്ടാനുമാണ് നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടേയും പട്ടിക കളക്ടര്‍മാര്‍ തയ്യാറാക്കി മുദ്രവയ്ക്കണം. ഇവ തുടര്‍ന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും. സംഘടനയുടെ ചുമതലയുള്ള കൂടുതല്‍ പേരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. പേര് മാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. പി.എഫ്.ഐ നിരോധനത്തെ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img