രാജ്യത്തെ മികച്ച കലാലയങ്ങളില്‍ ഒന്നായി വീണ്ടും കോതമംഗലം മാര്‍ അത്തനേഷ്യസ്
കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങ് പ്രഖ്യാപിച്ചപ്പോള്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊന്‍തിളക്കം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക്- എന്‍.ഐ. ആര്‍.എഫ്.) രാജ്യ ത്തെ മികച്ച 56-ാമത്തെ കോളജായി
കോതമംഗലം മാര്‍ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. 2021ല്‍ 86 -മത്തെ റാങ്ക് കരസ്ഥമാക്കിയ കോളേജ് ഒരു വര്‍ഷം കൊണ്ട് 56 മത്തെ റാങ്കില്‍ എത്തി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു . ഇന്ത്യയിലെ 42000 ത്തില്‍ പരം കോളജുകളില്‍ നിന്നാണ് ആദ്യ 100 ല്‍ ഇടം നേടി മാര്‍ അത്തനേഷ്യസ് ഈ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. ഗവേഷണം, മറ്റ് അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍, കലാ, കായികം,വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങള്‍, പഠന സൗകര്യങ്ങള്‍ എന്നിവയെല്ലാം എം.എ. കോളജിന് ആദ്യ 100 ല്‍ ഇടംപിടിക്കാന്‍ സഹായകമാ യി.
16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 13 ബിരുദ പ്രോഗ്രാമുകളും 2 യു.ജി.സി. അംഗീകാര ബി വോക് പ്രോഗ്രാമും, ഒരു 5 വര്‍ഷ ഇന്റഗ്രേറ്റഡ് ബയോളജി കോഴ്‌സും, 4 ഗവേഷണ പ്രോഗ്രാമുകളും കോളജില്‍ ഉണ്ട്.നാക് എ പ്ലസ് ഗ്രേഡ് കോളേജ് ആണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണല്‍ കൗണ്‍സില്‍ ഓഫ് റൂറല്‍ എഡ്യൂക്കേഷന്‍, സ്വച്ഛതാ ആക്ഷന്‍ പ്ലാന്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്.കായിക മേഖലക്ക് നിരവധി ദേശീയ, അന്തര്‍ ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും ഈ കോളേജിന് കഴിഞ്ഞിട്ടുണ്ട്.ഒളിമ്പ്യന്‍ അനില്‍ഡ തോമസും, ടി. ഗോപിയും , കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂര്‍ ഷെരിഫ് ടി, അലക്‌സ് സജി ഇവര്‍ക്ക് പുറമെ ഈ മാസം ആരംഭിക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലും, ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്ന മുഹമ്മദ്അജ്മല്‍, എല്‍ദോസ് പോള്‍,അബ്ദുള്ള അബൂബക്കര്‍ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയില്‍ നിന്ന് ലോക കായിക ഭൂപട ട്രാക്കിലേക്ക് ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളാണ്.അധ്യാപ കരും അനധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളെജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് പറഞ്ഞു.



